റഫാലിൽ 'മെയ്ഡ് ഇൻ കേരള'; റഡാർ സംവിധാനങ്ങൾക്കുള്ള സങ്കീർണ്ണ വയേർഡ് സ്ട്രക്ചർ നിർമിക്കുന്നത് കൊച്ചി ആസ്ഥാനമായ കമ്പനി

കൊച്ചി : റഫാൽ യുദ്ധ വിമാനങ്ങളിലെ റഡാർ സംവിധാനങ്ങൾ നിർമിക്കുന്നതിൽ പങ്കാളിയായി കേരളവും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസാണ് റഫാലിലെ ആർബിഇ 2 എഇഎസ്എ റഡാർ സംവിധാനങ്ങൾക്കുള്ള അതിനൂതന വയേർഡ് സ്ട്രക്ചറുകൾ തദ്ദേശീയമായി നിർമിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്രഞ്ച് എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനമായ താലെസുമായി ധാരണയായി. റഫാൽ യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന 'ആർബിഇ2' റഡാറിന്റെ ഉയർന്ന മൂല്യമുള്ള സങ്കീർണ്ണ വയർ ഘടനകൾ നിർമിക്കാനുള്ള കരാർ എസ്എഫ്ഒ ടെക്‌നോളജീസിന് നൽകി. റഫാൽ പദ്ധതിക്കായി തദ്ദേശീയമായി നൽകുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ്എഫ്ഒ ടെക്‌നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു. 26 റഫാൽ വിമാനങ്ങൾക്കും ആവശ്യമായ ആർബിഇ2 എഇഎസ്എ റഡാർ വയേഡ് സ്ട്രക്ചറുകളാണ് എസ്എഫ്ഒ ടെക്നോളജീസ് നിർമിക്കുന്നത്.
ഏത് ദുസ്സഹമായ അന്തരീക്ഷത്തിലും ഹൈ റെസല്യൂഷൻ 3ഡി ചിത്രങ്ങൾ നൽകാൻ കഴിയുന്ന റഡാറുകൾ ശത്രുവിനെ നിരീക്ഷിക്കുന്നതിനും പ്രിസിഷൻ അറ്റാക്കിനും സഹായകമാണ്. റഫാൽ യുദ്ധവിമാനങ്ങളിൽ മെയ്ഡ് ഇൻ കേരള ഉൽപ്പന്നങ്ങളും ഉണ്ടാകുന്നു എന്നത് കേരളത്തിലെ കമ്പനികൾ അതിസങ്കീർണമായ സാങ്കേതികവിദ്യകൾ ഉൾപ്പെടെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സജ്ജമാണ് എന്ന് തെളിയിക്കുന്നുവന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടും പ്രവർത്തിക്കുന്നുണ്ട്. 3760 കോടി വിറ്റുവരവുള്ള കമ്പനി ലോകോത്തര വിമാനങ്ങളിലും മൊബൈൽഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നു. ഒപ്പം ഐടിഐ, ഡിപ്ലോമ, എഞ്ചിനിയറിംഗ് ബിരുദധാരികളും പിഎച്ച്ഡിക്കാരുമായ 6000 ത്തിലധികം മലയാളികൾക്ക് തൊഴിലും നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. വ്യോമയാന, പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുമായി കൂടുതൽ സഹകരണം നടത്തുന്നതിന് പ്രാദേശികവൽക്കരണ രൂപരേഖ തയ്യാറാക്കുകയാണെന്നും താലെസ് കമ്പനി വ്യക്തമാക്കി.










0 comments