കേരള കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐയ്‌ക്ക് ഉജ്വല വിജയം

കാസർകോട്: കേരള കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയൻ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മിന്നുന്ന ജയം. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, രണ്ട് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ എന്നിങ്ങനെ 10 ൽ അഞ്ച് സീറ്റ് നേടിയാണ് എസ്എഫ്ഐ മികച്ച മുന്നേറ്റം നടത്തിയത്. പ്രസിഡന്റായി എസ്‌എഫ്‌ഐയുടെ എം എസ് വിവേകും സെക്രട്ടറിയായി എസ് സഞ്ജയും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പി പി ആലിയ ഫാത്തിമയും എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് ആവണി അജിത്ത്, പി കെ മുർഷിദ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം ഇത്തവണ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു.
രണ്ട് സീറ്റ് എൻഎസ്‌യുവും ഒന്ന് എംഎസ്‌എഫും രണ്ടെണ്ണം എബിവിപിയും നേടി. എസ് മുഹമ്മദ് യസീന്‍(എൻഎസ്‌യു) – വൈസ് പ്രസിഡന്റ്, യു മുഹമ്മദ് ഷബീര്‍(എംഎസ്‌എഫ്), കെ ജെ അപര്‍ണ(എബിവിപി) –ഇരുവരും ജോയിന്റ് സെക്രട്ടറിമാര്‍, വികാഷ് കുമാര്‍ നായക്(എബിവിപി), യാസര്‍ അലി(എൻഎസ്‌യു) – ഇരുവരും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരാണ് എതിർ പാനലിൽനിന്ന് വിജയിച്ചവർ.
കേന്ദ്ര സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടക്കെതിരെ ക്യാമ്പസുകളിൽ ശക്തമായ പ്രതിരോധം തീർത്ത് മതനിരപേക്ഷ മൂല്യങ്ങളെ മുറുകെപ്പിടിച്ച് എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും കാസർകോട് ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രനും സെക്രട്ടറി കെ പ്രണവും അഭിവാദ്യംചെയ്തു.









0 comments