Deshabhimani

ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസില്‍ 126 കോൺസ്റ്റബിൾ

Indo-tibetan Border Police
വെബ് ഡെസ്ക്

Published on Oct 06, 2026, 12:34 PM | 1 min read

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ് (ITBPF) സ്പോർട്സ് ക്വാട്ടയ്ക്ക് കീഴിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ‘സി' നോൺ-ഗസറ്റഡ് വിഭാഗത്തിൽപ്പെടുന്ന തസ്തികയിൽ ആകെ 126 ഒഴിവാണുള്ളത്. ഇതിൽ 72 പുരുഷന്മാർക്കും 54 സ്ത്രീകൾക്കുമായി നീക്കിവച്ചതാണ്‌. ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള യോഗ്യരായ കായികതാരങ്ങൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് ഏഴാം ശമ്പള കമീഷൻ പേ മാട്രിക്‌സ് ലെവൽ 3 അനുസരിച്ച് 21,700 മുതൽ 69,100 രൂപ വരെ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. ഇന്ത്യയിലുടനീളമോ വിദേശത്തോ എവിടെയുമാകാം നിയമനം.


പത്താം ക്ലാസ്‌ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇതോടൊപ്പം 2024 ജനുവരി ഒന്നു മുതൽ 2026 നവംബർ ഒന്നുവരെയുള്ള കാലയളവിൽ അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ബോക്സിങ്‌, ഫുട്ബോൾ, ഹോക്കി, വോളിബോൾ, വെയിറ്റ്‌ലിഫ്റ്റിങ്‌, ഗുസ്തി തുടങ്ങിയ നിശ്ചിത കായിക ഇനങ്ങളിൽ അന്താരാഷ്ട്ര, ദേശീയ, ഇന്റർ യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഖേലോ ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തതോ മെഡൽ നേടിയതോ ആയ കായിക യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി: 18–23. നിയമാനുസൃത ഇളവ്‌ ലഭിക്കും. ബയോമെട്രിക് ഒത്തുനോക്കൽ, സർട്ടിഫിക്കറ്റ് പരിശോധന, ശാരീരിക അളവെടുപ്പ്, സ്പോർട്സ് ട്രയൽ ടെസ്റ്റ്, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷാതീയതിയും കേന്ദ്രവും ഓൺലൈൻ അഡ്മിറ്റ് കാർഡ് വഴി ഉദ്യോഗാർഥികളെ നേരിട്ട് അറിയിക്കും.


ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക്‌ ഫീസില്ല. itbpolice.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ ഒന്ന്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home