ഗ്യാനേഷ് കുമാറിന്റെ രാജി; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ ഡൽഹി എസിപി വിവേക് ഭഗത്ത് ലൈംഗികാതിക്രമം നടത്തിയ സംഭവവും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് റിപ്പോർട്ടിങ്ങിന് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കഥ പ്രധാനമാണെന്നും നിങ്ങൾ അത് എങ്ങനെ മനസിലാക്കുന്നുവെന്നതും പ്രധാനമാണെന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ ഐഡി കാർഡ് എല്ലായ്പ്പോഴും കരുതണമെന്നും ഇത് ശരിയായി കാണുന്നരീതിയിൽ ധരിക്കണമെന്നതുമാണ് പ്രധാന നിർദേശം. പൊലീസ് നടപടികളെ തടസപ്പെടുത്തുന്ന രീതിയിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുണ്ടാകരുത്. സംഘർഷസാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണം. പ്രതിഷേധക്കാരിൽ നിന്നും കൃത്യമായി വേർതിരിച്ച് അറിയാവുന്ന രീതിയിലായിരിക്കണം ദൃശ്യങ്ങൾ പകർത്താൻ സ്ഥാനം കണ്ടെത്തേണ്ടത്, തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
വിവേക് ഭഗത്തിൽ നിന്ന് ലൈംകിതിക്രമം നേരിട്ട മാധ്യമപ്രവർത്തകയെ ജയിലിലാക്കി, അക്രമം നടത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണ് ഡൽഹി സർക്കാർ ആദ്യം നടത്തിയത്. എന്നാൽ വിവാദങ്ങൾ ശക്തമായതോടെ പ്രൊമോഷൻ നടപടികൾ മരവിപ്പിച്ച് തടിതപ്പുകയായിരുന്നു.









0 comments