Deshabhimani

കേന്ദ്ര സർവകലാശാലയുടെ കാവിവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിചതച്ചു

sfi protest

പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ബലമായി അറസ്റ്റ് ചെയ്തു നീക്കുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 02:08 PM | 1 min read

കാസർകോട്: പൊലീസിന്റെ കാവലോടെ കാസര്‍കോട് കേരള കേന്ദ്ര സർവകലാശാലയിൽ സംഘപരിവാര്‍ സെമിനാര്‍ നടത്തിയതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഇല്ലാതെ പെൺകുട്ടികള്‍ക്ക് നേരെ ആക്രമിക്കുകയും ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അദിനാൻ ചട്ടഞ്ചാൽ, ജില്ലാ പ്രസിഡന്റ് അനുരാജ് എം, സംസ്ഥാന കമ്മിറ്റി അം​ഗം സജേഷ് കൊവ്വൽ പള്ളി, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ വി റോഷിൻ, ജില്ലാ വൈസ് പ്രസിഡന്റ് കാർത്തിക് രാജീവ്, സെക്രട്ടറിയറ്റ് അം​ഗങ്ങളായ പി കെ മഞ്ജിഷ, ആദർശ് ബേപ്പ്, ദയ കുമ്പള, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ വിഷ്ണു തൃക്കരിപ്പൂർ, ചിരാ​ഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


ആർഎസ്എസ് പ്രചാരകനായ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി പങ്കെടുപ്പിക്കുന്ന വന്ദേമാതരം സെമിനാറിനെതിരെയാണ് എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചത്. എബിവിപി സംഘടന മാത്രമാണ് വിട്ടുനിന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികമെന്ന പേരിലായിരുന്നു സർവകലാശാലയിൽ പരിപാടി സംഘടിപ്പിച്ചത്. ആർഎസ്എസ് സംഘടന അഖില ഭാരതീയ സാഹിത്യ പരിഷത് ആയിരുന്നു പരിപാടിയുടെ സംഘാടകർ.


ദേശീയ തലത്തിൽ തന്നെ ആർഎസ്എസ് പ്രചാരകനായ ജെ നന്ദകുമാറിനെ സർവകലാശാല സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായി കൊണ്ടുവരുന്നത് കാവിവൽക്കരണത്തിന്‍റെ ഭാ​ഗമായാണെന്നും ഇത് ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർഥികൾ പ്രതികരിച്ചു. 'ജെ നന്ദകുമാർ ​ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.


സംഘപരിവാർ‌ അനുകൂല അധ്യാപകരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. സംഘപരിവാർ അജണ്ടയോ‌ടെ നടത്തിയ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം മുൻകൂട്ടി കണ്ട് ക്യാമ്പസിൽ വലിയ പൊലീസ് സന്നാഹത്തെയാണ് ഒരുക്കിയിരുന്നത്. അട‌ച്ചിട്ട ഹാളിലാണ് സെമിനാർ നടത്തിയത്. പൊലീസ് അതിക്രമത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സെയ്‌ദ് എസ് അലി ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home