സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം; ഐഎംജിയും ബിഐഎസും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പൊതുമേഖലാ പ്രതിനിധികൾക്കും നിലവാരനിർണ്ണയത്തിലും (Standardization) ഗുണനിലവാര മാനദണ്ഡങ്ങളിലും വിദഗ്ദ്ധ പരിശീലനം നൽകുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റും (IMG) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഐഎംജി തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ ബിഐഎസ് വിഷയാധിഷ്ഠിത വിദഗ്ദ്ധരുടെയും റിസോഴ്‌സ് പേഴ്‌സൺമാരുടെയും സേവനം ലഭ്യമാക്കും. സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്കായി ഇരുസ്ഥാപനങ്ങളും സംയുക്തമായി ശേഷിവികസന പരിപാടികൾ രൂപകല്പന ചെയ്തു നടപ്പിലാക്കും.
പരിശീലന പരിപാടികൾക്കായി ഐഎംജി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും, ഇവിടെ പരിശീലനത്തിലുള്ള ഉദ്യോഗസ്ഥരെ കോഴ്സുകളിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്യും. ഗുണനിലവാര മാനദണ്ഡങ്ങളിലെ ആഗോള മാതൃകകളും സാങ്കേതിക അറിവുകളും പൊതുഭരണ തലത്തിലേക്ക് എത്തിക്കുന്നതിന് ഈ പങ്കാളിത്തം സഹായകരമാകും.








0 comments