പരാജയം ഉൾക്കൊള്ളാൻ എബിവിപിയും കെഎസ്‍യുവും പഠിക്കണം: പി എസ് സഞ്ജീവ്

പി എസ് സഞ്ജീവ്
തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവി ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പരാജയത്തെ ഉൾക്കൊള്ളാൻ എബിവിപിയും കെഎസ്-യുവും പഠിക്കണം. പന്തളം എൻഎസ്എസ് കോളേജിൽ ആക്രമണത്തിന് ആഹ്വാനം ചെയ്ത് എബിവിപി സംസ്ഥാന സെക്രട്ടറി ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു. സംസ്ക-ൃത സർവകലാശാലയിൽ എബിവിപിക്കുണ്ടായിരുന്ന ഒരു സീറ്റ് എസ്എഫ്ഐ തിരികെ നേടി, 523 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചെയർമാൻ വിജയിച്ചു. ഇതോടെ സർവകലാശാലയിൽ ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. വിദ്യാർഥികളെ സംഘടിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതനിരപേക്ഷ, ജനാധിപത്യ അന്തരീക്ഷം എസ്എഫ്ഐ സംരക്ഷിക്കുമെന്ന് സഞ്ജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘപരിവാറിനെതിരെ പോരാടുന്നത് എസ്എഫ്ഐയാണ്. എബിവിപിക്കാർക്കെതിരെ പ്രസ്താവന നടത്താൻ കെഎസ്-യുവിന് മുട്ടിടിക്കും. രാഷ്ട്രീയവിമർശത്തെ അംഗീകരിക്കാൻ കഴിയാത്ത എംഎസ്എഫ്, എസ്എഫ്ഐക്കെതിരെ കുത്താൻ ശ്രമിക്കുന്ന ചാപ്പകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.
സംസ്ഥാനത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും കണ്ണൂർ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലും എസ്എഫ്ഐ മികച്ച വിജയം കൈവരിച്ചു. കെഎസ്-യുവിന് ജന്മം നൽകിയ നാട്ടിൽ അവർ ഇല്ലാതെയായി. എസ്എഫ്ഐ മുന്നോട്ടുവച്ച രാഷ്ട്രീയമുദ്രാവാക്യം വിദ്യാർഥികൾ ഏറ്റെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ട്രെൻഡായി മാറുമെന്നും സഞ്ജീവ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, വൈസ് പ്രസിഡന്റ് ബിപിൻരാജ് പായം, ജോയിന്റ് സെക്രട്ടറി സയിജ് മുഹമ്മദ് സാദിഖ് എന്നിവരും സംസാരിച്ചു.









0 comments