print edition ക്യാമ്പസുകളിൽ രാഷ്‌ട്രീയം നിരോധിക്കൽ; പ്രതിഷേധം ശക്തമാക്കും: എസ്‌എഫ്‌ഐ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനും ക്യാമ്പസുകളിൽ രാഷ്ട്രീയം വേണ്ടെന്ന് വയ്‌ക്കാനുമുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്.
ഗവർണറുടെനീക്കം തികച്ചും വിചിത്രവും ജനാധിപത്യ വിരുദ്ധവുമാണ്. കേരളത്തിലുള്ളത് ഉറച്ച മതനിരപേക്ഷതയുള്ള ക്യാമ്പസുകളാണ്. വർഗീയ ശക്തികൾക്ക് ഇവിടെ സ്ഥാനമില്ലാത്തതും ജനാധിപത്യം ശക്തമായി നിലനിൽക്കുന്നതും വിദ്യാർഥി രാഷ്ട്രീയത്തിന്റെ കരുത്തിലാണ്.
തങ്ങൾക്ക് ഉചിതമല്ലാത്ത രാഷ്ട്രീയം പറയുന്നതൊക്കെയും നിരോധിക്കണമെന്ന സംഘപരിവാർ അജൻഡയാണ് ഇതിലൂടെ ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ലോക്‌ഭവനിലേക്ക് ജനകീയ പ്രതിരോധ മാർച്ച് സംഘടിപ്പിക്കും.
മലയാള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനെ തുടർന്ന് അവിടുത്തെ സിൻഡിക്കറ്റ് ഈ ഉത്തരവ് പിൻവലിക്കാൻ തയ്യാറായി. ഇത്തരത്തിലുള്ള ഉത്തരവുകൾ എല്ലാ സർവകലാശാലകളിലേക്കും അയക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെയെല്ലാം ശക്തമായ സമരമുണ്ടാകും. ഗവർണറുടെ ഈ ഉത്തരവിനോട് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മറ്റ് വിദ്യാർഥി സംഘടനകളും തങ്ങളുടെ നിലപാട് വ്യക്തമാക്കണം.
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി മെമ്പറാക്കിയതിലൂടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസനയം വഴി രാജ്യത്ത് എന്ത് ഗവേഷണം നടത്തണമെന്നുപോലും സംഘപരിവാർ തീരുമാനിക്കുന്ന നിലയിലേക്കുമാറി. നീറ്റ് ചോർച്ചയിൽ തുടർ സമരം എസ്എഫ്ഐ ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശുചീകരണവും സ്വീകരണവും എസ്എഫ്ഐ നടത്തും
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണവും നവാഗതർക്കുള്ള സ്വീകരണവും എസ്എഫ്ഐ നടത്തും. പരിസ്ഥിതിദിന ക്യാമ്പയിൻ എറണാകുളത്ത് ഉദ്ഘാടനം ചെയ്യും.











0 comments