അടിച്ചമർത്താനാകില്ല; വർഗീയതയ്ക്ക് മുകളിൽ വിജയവുമായി എസ്എഫ്ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ്, പോളിെക്നിക് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ രണഭേരി മുഴക്കി എസ്എഫ്ഐ. വലതുപക്ഷ കടന്നാക്രമണങ്ങളെയും വർഗീയ പ്രചാരണങ്ങളെയും വീഴ്ത്തിയാണ് എസ്എഫ്ഐയുടെ മിന്നും വിജയം. കേരള, കണ്ണൂർ സർവ്വകലാശാലകളിലെ കോളേജ് യൂണിയനുകളിലേക്ക് വെളളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വമ്പൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോളജുകളിലും പ്രധാന സീറ്റുകളിലടക്കം എസ്എഫ്ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ ജയം നേടി.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്എഫ്ഐയാണ് മുന്നിൽ. തിരുവനന്തപുരം ജില്ലയിൽ 31 ൽ 29 കോളജുകളും എസ്എഫ്ഐ നേടി. ആലപ്പുഴ ജില്ലയിൽ മുഴുവൻ കോളജുകളിലും എസ്എഫ്ഐ ജയിച്ചു. കണ്ണൂരിൽ 77 കോളജുകളിൽ 32ഉം കേരളയിൽ 41ഉം കോളജ് യൂണിയനുകളിൽ എസ്എഫ്ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വൻ വിജയം നേടി. സ്കൂൾ പാർലമെന്റുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്കായിരുന്നു മുൻതൂക്കം. 699 ൽ 604 ഇടത്തും എസ്എഫ്ഐ വിജയിച്ചു.
‘സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നിലപാടുകളെയും മറ്റ് വലതുപക്ഷ അരാജക വിദ്യാർഥി പ്രസ്ഥാനങ്ങളെയും ഇൗ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേരിട്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കെഎസ്‌യുവിനും എംഎസ്‌എഫിനും അനുകൂല അന്തരീക്ഷമൊരുക്കാനും സർക്കാർ തന്നെ മുന്നിട്ടിറങ്ങി.
സംസ്ഥാനത്ത് വിവിധ കോളേജുകളിൽ പൊലീസിന്റെ സാന്നിധ്യത്തിലാണ് കെഎസ്‌യു– യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ എസ്‌എഫ്‌ഐ പ്രവർത്തകരെ മർദിച്ചത്. നേതാക്കളെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച് വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്എഫ്ഐ ഉയർത്തിയ സമരങ്ങളെയും മുദ്രാവാക്യങ്ങളെയും അടിച്ചമർത്താൻ നോക്കി. സമാനതകളില്ലാത്ത അക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപരമായിട്ടുള്ള ചെറുത്തുനിൽപ്പും പ്രതിരോധവും കൂടിയായി ഈ വിജയം.









0 comments