താമരശേരി വിദ്യാർഥിയുടെ മരണം: വാർത്തകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതെന്ന് പി എസ് സഞ്ജീവ്

കണ്ണൂർ: താമരശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ പരിക്കുപറ്റിയ പത്താം ക്ലാസുകാരൻ മരിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പുറത്തുവന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ഒരു വിദ്യാർത്ഥി മരണപ്പെടുന്ന സാഹചര്യത്തിലും ഒരു ഘട്ടത്തിൽ പോലും കുറ്റബോധവും പുനർചിന്തയുമില്ലാത്ത ഒരു തലമുറ കേരളത്തിൽ ഉണ്ടാകുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്നു.
വിദ്യാർഥികൾ ജനാധിപത്യബോധവും സാമൂഹ്യബോധവും ഇല്ലാത്തവരായി മാറുമെന്ന് എസ്എഫ്ഐ നേരത്തെ പറഞ്ഞതാണ്. അന്ന് അത് മുഖവിലക്കെടുത്തില്ല. സ്കൂളുകളിൽ വിദ്യാർഥി സംഘടന പ്രവർത്തനം നിരോധിക്കുന്ന സമയത്ത് തന്നെ എസ്എഫ്ഐ നിലപാട് വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എസ്എഫ്ഐയെയും വിദ്യാർത്ഥി സംഘടനകളെയും സ്കൂളുകളിൽ നിന്ന് പുറത്താക്കി. അതിന്റെ പരിണിതഫലമാണ് ഇപ്പോൾ കാണുന്നത്.
തിങ്കളാഴ്ച എസ്എഫ്ഐ മുഴുവൻ ക്യാമ്പസുകളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുമെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.









0 comments