Deshabhimani

ലൈംഗികാതിക്രമ കേസ് പ്രതിയെ രജിസ്ട്രാറാക്കി; വിജിലൻസ് ക്ലിയറൻസ് ആര് നൽകി? കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം

SFI Protests at CUK against Registrar Dr R Jayaprakash

കേരള കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Oct 14, 2026, 06:31 PM | 1 min read

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ ലൈംഗികാതിക്രമ കേസ് പ്രതിയെ രജിസ്ട്രാറയി നിയമിച്ച നടപടിക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ പ്രതിയായ ഡോ. ആർ ജയപ്രകാശിനാണ് നിയമനം നൽകിയത്. കഴിഞ്ഞയാഴ്ച ആർഎസ്എസ് സെമിനാറിനെതിരെ കാമ്പസിൽ വലിയ വിദ്യാർഥി സമരം നടന്നിരുന്നു. ഇതിനിടയിലാണ് സർവകലാശാല രജിസ്ട്രാർ അഭിമുഖം നടത്തിയത്. ജയപ്രകാശിന്റെ നിയമനം സർവകലാശാലയ്ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും തീരുമാനം പിൻവലിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.


ഒക്ടോബർ 12- ന് സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗിൽ, ആർ ജയപ്രകാശിന്റെ നിയമനം അംഗീകരിച്ചുത്തരവുമായി. അന്ന് രാത്രി 7ന് ജയപ്രകാശ് ചുമതലയേറ്റു. ഓഫീസ് സമയം കഴിഞ്ഞാൽ ജോയിൻ ചെയ്യാൻ കഴിയില്ല എന്ന ചട്ടം ഉൾപ്പെടെ മറികടന്നാണ് രജിസ്ട്രാറായി നിയമിച്ചത് എന്നാണ് വിവരം. കേസിൽ പ്രതിയായ ഇദ്ദേഹത്തിന് പുതിയ തസ്തികയിൽ ജോയിൻ ചെയ്യാൻ വേണ്ട 'വിജിലൻസ് ക്ലിയറൻസ്' ആര് നൽകി എന്നതുൾപ്പെടെ ദുരൂഹമാണ്.


സർവകലാശാലയിൽ പരീക്ഷാ കൺട്രോളർ ആയിരിക്കെ സർവകലാശാല ജീവനക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് ഡോ. ആർ ജയപ്രകാശ്. യുവതിയുടെ പരാതിയിൽ 2026 ജൂൺ മാസത്തിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. 2024 ജൂൺ 19-ന് വൈകുന്നേരം പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ ആരോഗ്യകേന്ദ്രത്തിൽ വെച്ച് അതിക്രമത്തിന് ഇരയായെന്നാണ് പരാതി. കസേരയിൽ ഇരിക്കുകയായിരുന്ന പരാതിക്കാരിയുടെ വലതുകൈയിൽ ലൈംഗിക ഉദ്ദേശ്യത്തോടെ പിടിച്ചുവലിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നായിരുന്നു പരാതി.


അതേസമയം കെട്ടിച്ചമച്ച കേസാണെന്നാണ് ഡോ. ആർ ജയപ്രകാശിൻ്റെ വാദം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് രജിസ്ട്രാറായി നിയമനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home