ad
Deshabhimani

ആർഎസ്‌എസ്‌ 
അജൻഡയ്ക്ക് താക്കീത്‌ ; വിദ്യാർഥികളുടെ സമരവീര്യമറിഞ്ഞ്‌ ഗവർണർ

sfi march

കേരള സർവകലാശാല ആസ്ഥാനത്ത്‌ പ്രതിഷേധിച്ച 
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദിനെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ നീക്കുന്നു ഫോട്ടോ: നിലിയ വേണുഗോപാൽ

വെബ് ഡെസ്ക്

Published on Jul 09, 2025, 12:21 AM | 1 min read


തിരുവനന്തപുരം

ഗവർണറുടെ ആർഎസ്‌എസ്‌ അജൻഡയ്‌ക്ക്‌ സർവകലാശാലകളെ വിട്ടുകൊടുക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ ഐതിഹാസിക വിദ്യാർഥി പ്രക്ഷോഭം. കേരള, എംജി, കലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറിനും ഗവർണർ നിയോഗിച്ച വൈസ്‌ ചാൻസലർമാർക്കുമുള്ള താക്കീതായി.


കേരള സർവകലാശാലയിൽ കനത്ത പൊലീസ്‌ സന്നാഹം ഭേദിച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകൾ ആസ്ഥാന മന്ദിരം വളഞ്ഞു. പ്രധാനവാതിൽ തുറന്ന്‌ അകത്തുകടന്ന പ്രവർത്തകർ രണ്ടാം നിലയിലെ വൈസ്‌ ചാൻസലറുടെ ഓഫീസിന്‌ സമീപമെത്തി. വൻ പൊലീസ്‌ സന്നാഹത്തെ കൂസാതെ ഇരുമ്പുഗേറ്റ്‌ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ്‌ പാടുപെട്ടു. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ രണ്ടാംനിലയിലേക്കുള്ള പടിയിലൂടെ വലിച്ചിഴച്ചാണ്‌ പെൺകുട്ടികൾ അടക്കമുള്ളരെ പൊലീസ്‌ നീക്കിയത്‌.


എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, കേന്ദ്ര എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിഅംഗം എസ്‌ കെ ആദർശ്‌ അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്‌തുമാറ്റി. തുടർന്ന്‌ പ്രവർത്തകർ സർവകലാശാല കെട്ടിടത്തിനു മുന്നിൽ കുത്തിയിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ടെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, കേന്ദ്ര എക്‌സിക്യൂട്ടിവ്‌ കമ്മറ്റിഅംഗം ആര്യ പ്രസാദ്‌ തുടങ്ങിയവർ സമരത്തിന്‌ നേതൃത്വം നൽകി.


എംജി സർവകലാശാലയിൽ പൊലീസ്‌ സ്ഥാപിച്ച ബാരിക്കേഡ്‌ മറികടന്ന്‌ അകത്ത്‌ പ്രവേശിച്ച പ്രവർത്തകർ വിസിയുടെ ഓഫീസിനുമുന്നിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ടോണി കുര്യാക്കോസ്‌ ഉദ്‌ഘാടനംചെയ്‌തു.


തേഞ്ഞിപ്പലത്ത്‌ കലിക്കറ്റ്‌ സർവകലാശാല ആസ്ഥാനത്തെ ഭരണവിഭാഗത്തിനുള്ളിൽ കടന്ന വിദ്യാർഥികൾ വിസിയുടെ ചേംബറിന്‌ മുന്നിലെ വരാന്തയിലിരുന്ന്‌ മണിക്കൂറുകളോളം പ്രതിഷേധിച്ചു. സമരം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി മുഹമ്മദ്‌ സാദിഖ്‌ ഉദ്‌ഘാടനം ചെയ്‌തു. താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക്‌ വിദ്യാർഥികൾ നടത്തിയ മാർച്ച്‌ കവാടത്തിനുമുന്നിൽ തടഞ്ഞ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര കമ്മിറ്റിയം​ഗം ബിപിൻരാജ് പായം ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home