ad
Deshabhimani

പറഞ്ഞതെല്ലാം വിഴുങ്ങി യുഡിഎഫ്; പിഎം ശ്രീ നടപ്പിലാക്കുമെന്ന് വി ഡി സതീശൻ

PM Sree
വെബ് ഡെസ്ക്

Published on Jun 17, 2026, 12:31 PM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള പഠനത്തിനായി നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം. പൊതുവിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ട മറ്റ് മന്ത്രിമാര്‍. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


പ്രതിപക്ഷത്തായിരിക്കുമ്പോൾ പിഎം ശ്രീ പദ്ധതിക്കെതിരെ കോൺ​ഗ്രസ് നടത്തിയ കോലാഹലങ്ങൾ പാടെ വിഴുങ്ങിയാണ് ഭരണത്തിലേറിയപ്പോൾ കേന്ദ്ര സർക്കാരുമായി യുഡിഎഫ് സർക്കാർ കൈക്കോർക്കുന്നത്. മുൻ സർക്കാർ ആണ് പിഎം ശ്രീ യിൽ ഒപ്പുവെച്ചത് എന്നും അതുകൊണ്ട് പദ്ധതി തുടരാൻ നിർബന്ധിതരാകേണ്ടി വന്നുവെന്ന് മുഖ്യമന്ത്രിയുടെ വാദം. പിഎം ശ്രീ പദ്ധതിക്ക് മുൻ സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയെന്നും വി ഡി സതീശൻ ആവർത്തിക്കുന്നു.


എന്നാൽ ഈ വാദത്തെ നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾ പൊളിച്ചിരുന്നു. മാർച്ച്‌ 27ന്‌ നടന്ന പ്രോജക്ട്‌ അപ്രൂവൽ ബോർഡ്‌ (പിഎബി) യോഗത്തിന്റെ മിനിറ്റ്‌സിലാണ്‌ കേന്ദ്ര സർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് വ്യക്തമാക്കുന്നത്‌. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും ഫണ്ട്‌ നേടിയെടുക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും അന്നത്തെ സർക്കാർ ഉറപ്പ്‌ പറയുകയും ചെയ്‌തു. പദ്ധതി നടപ്പാക്കില്ലെന്ന്‌ കേന്ദ്രത്തെയും രേഖാമൂലം അറിയിച്ചു.


പിഎം ശ്രീയുമായി ബന്ധപ്പെട്ട്‌ എൽഡിഎഫ്‌ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ പിഎം ശ്രീ ഡാഷ്ബോർഡിൽ വ്യക്തമാണ്. വസ്തുത ഇതായിരിക്കെയാണ് മുൻ സർക്കാരിന് മേൽ പഴിചാരി യുഡിഎഫ് സർക്കാർ കൈകഴുകാൻ ശ്രമം നടത്തുന്നത്. രാജ്യത്തെ 13,091 സ്കൂളുകളാണ് പദ്ധതിയിലുള്ളത്‌. കേരളത്തിൽ 47 വിദ്യാലയങ്ങളിൽ പിഎം ശ്രീ നടപ്പാക്കുന്നുണ്ട്‌. ഈ സ്കൂളുകളെല്ലാം കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ സ്കുളുകളും. നിലവിൽ 1000 കോടി രൂപ എസ്‌എസ്‌കെയിൽ കുടിശ്ശികയുണ്ട്‌. കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാന ഖജനാവിൽനിന്നാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home