എൽഡിഎഫ് സർക്കാർ പിഎംശ്രീ ഫണ്ട് വാങ്ങിയിട്ടില്ല; മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു രൂപയുടെ ഫണ്ട് പോലും വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പദ്ധതി നടപ്പിലാക്കാനുള്ള യാതൊരു നടപടിക്രമങ്ങളും കേരളം പൂർത്തീകരിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. അതുപോലും സംസ്ഥാനം ചെയ്തിട്ടില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് പിഎംശ്രീയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും, പദ്ധതി നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
എസ്എസ്കെ ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടി മാത്രമാണ് നേരത്തെ ഒരു താത്കാലിക സജ്ജീകരണം ചെയ്തത്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായതിനെത്തുടർന്ന്, ഒപ്പുവെച്ച കരാറിൽ നിന്ന് പിൻവാങ്ങിയതായും നടപടികൾ താത്കാലികമായി നിർത്തിവെച്ചതായും കേന്ദ്രത്തെ അറിയിച്ചിരുന്നു. തുടർനടപടികളിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയ കാര്യം കാണിച്ച് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എസ്എസ്കെ ഫണ്ട് കേരളത്തിന് ഉറപ്പായും നൽകേണ്ടതാണ്. എന്നാൽ കേന്ദ്ര സർക്കാർ അവരുടെ രാഷ്ട്രീയം വെച്ചുകൊണ്ട്, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഈ ഫണ്ട് തടഞ്ഞുവെക്കുകയാണുണ്ടായത്. പിഎംശ്രീ നടപ്പിലാക്കുന്നില്ല എന്ന ഒറ്റ കാരണം പറഞ്ഞാണ് കേന്ദ്രം ഫണ്ട് നൽകാതിരുന്നത്. അല്ലാതെ പിഎംശ്രീയുടെ പേരിൽ കേരളം ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും വി ഡി സതീശന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് പഠിക്കാനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ തന്റെ ചെയർമാൻഷിപ്പിൽ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നുവെന്ന് വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ, ഈ കമ്മിറ്റി പിന്നീട് യോഗം ചേരുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ യുഡിഎഫ് സർക്കാർ ഇപ്പോൾ നിയോഗിച്ചിട്ടുള്ള ഉപസമിതി ജനങ്ങളെ പറ്റിക്കുന്നതിനും കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയിട്ടുള്ള അഡ്ജസ്റ്റ്മെന്റിന്റെ ഭാഗവുമാണ്. പിഎംശ്രീ, ലേബർ കോഡ് പോലെയുള്ള ജനവിരുദ്ധ-ജനദ്രോഹ കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാനാണ് യുഡിഎഫ് സർക്കാർ ഒരുങ്ങുന്നത്. ഇത്തരം പദ്ധതികൾ ഇവിടെ കൊണ്ടുവരുന്നതിനായുള്ള ഡീൽ മുഖ്യമന്ത്രി വി ഡി സതീശൻ ബിജെപിയുമായി ഒപ്പിട്ടുകഴിഞ്ഞതായും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.










0 comments