print edition തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്‌എഫ്‌ഐ നേതാക്കളെ ജയിലിലടയ്‌ക്കുന്നു

തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാക്കളെ ജയിലിലടച്ച് സ്‌കൂൾ, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കെഎസ്‌യുവിനും എംഎസ്‌എഫിനും അനുകൂല സാഹചര്യമൊരുക്കാനും നീക്കം. 17ന് സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും 18ന് വിവിധ സർവകലാശാലകളിലെ കോളേജ് യൂണിയൻ, പോളിടെക്‌നിക് തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് ഗൂഢശ്രമം.
സെപ്‌തംബർ രണ്ടിന് സെക്രട്ടറിയറ്റിലേക്ക് നടന്ന മാർച്ചിലാണ് പൊലീസ് എസ്‌എഫ്‌ഐ നേതാക്കളെ ജയിലിലടയ്‌ക്കുന്നത്. സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ വനിതാ നേതാക്കളെയടക്കം പൊലീസ് ക്രൂരമായി മർദിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിനുനേരെയും പൊലീസ് നരനായാട്ട് നടത്തി. തുടർന്ന് സർക്കാർ നിർദേശപ്രകാരം വിദ്യാർഥികൾക്കുമേൽ വധശ്രമക്കേസ് ചുമത്തി കേസെടുത്തു. വിദ്യാർഥികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷക സംഘത്തെയും (എസ്‌ഐടി) രൂപീകരിച്ചു.
എസ്‌എഫ്‌ഐയെ മത്സരിച്ച് തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി, നേതാക്കളെ ജയിലിലടച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന യുഡിഎഫ് നയം നിറവേറ്റുകയാണ് പൊലീസ്. കഴിഞ്ഞദിവസം എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെയാണ് തിരുവനന്തപുരത്തുനിന്നുള്ള പൊലീസ് കണ്ണൂരിലെത്തി അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ സെക്രട്ടറി പവേലിനെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അറസ്റ്റ് ചെയ്‌തത്.
കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദർശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം മനേഷ് എന്നിവരെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത് വിലങ്ങണിയിച്ചാണ്. കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസും റിമാൻഡിലാണ്. എന്നാൽ, അറസ്റ്റ് ചെയ്യിപ്പിച്ചും ഭീഷണിപ്പെടുത്തിയും എസ്‌എഫ്‌ഐയെ തകർക്കാമെന്ന മോഹത്തിന് വിദ്യാർഥികൾ വിജയംകൊണ്ടാണ് മറുപടി നൽകിയത്. കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 76 കോളേജിൽ 41 ഇടത്ത് എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.









0 comments