Deshabhimani

മാഞ്ചസ്റ്റർ സിറ്റിക്ക് കുരുക്ക്: എല്ലാ ചാര്‍ജുകളിലും കുറ്റക്കാർ; ക്ലബ്ബിനെ കാത്തിരിക്കുന്നതെന്ത്?

Manchester city.JPG
വെബ് ഡെസ്ക്

Published on Sep 30, 2026, 04:43 PM | 1 min read

മാഞ്ചസ്റ്റര്‍: സാമ്പത്തിക ചട്ടങ്ങൾ ഗുരുതരമായി ലംഘിച്ച കേസുകളിൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരാണെന്ന് സ്വതന്ത്ര കമീഷൻ കണ്ടെത്തിയതോടെ ക്ലബ്ബിനെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ. സിറ്റിക്കെതിരെ ചുമത്തിയ 115 സാമ്പത്തിക ക്രമക്കേടുകളിലും ക്ലബ്ബ് കുറ്റക്കാരാണെന്ന് കമീഷൻ കണ്ടെത്തിയതായി പ്രീമിയർ ലീഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.


2009-18 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ വരുമാനം വൻതോതിൽ പെരുപ്പിച്ചു കാണിക്കാൻ തെറ്റായ വിവരങ്ങൾ നൽകി, വരുമാന സ്രോതസ്സ് മറച്ചുവെച്ചു, സ്പോൺസർഷിപ്പ് വഴിയുള്ള വരുമാനം വർദ്ധിപ്പിച്ച് കാണിച്ചു തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. പ്രീമിയർ ലീഗിന്റെ അന്വേഷണവുമായി സഹകരിക്കാത്തതുമായി ബന്ധപ്പെട്ട് ചുമത്തിയവയിലും സിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തി.


എന്നാൽ തങ്ങൾ നിരപരാധികളാണെന്നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വാദം. വിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഇതിനെതിരെ ക്ലബ് ഉടൻ തന്നെ അപ്പീൽ നൽകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം കുറ്റം ശരിവെച്ചതോടെ കടുത്ത അച്ചടക്ക നടപടികളാണ് സിറ്റി നേരിടാൻ പോകുന്നത്. പ്രീമിയർ ലീഗിൽ നിന്ന് പോയിന്റുകൾ വെട്ടിക്കുറയ്ക്കുകയോ വലിയ തുക പിഴ ചുമത്തുകയോ അല്ലെങ്കിൽ ലീഗിൽ നിന്ന് തന്നെ തരംതാഴ്ത്തുകയോ ചെയ്തേക്കാം. ഈ കാലയളിവിൽ നേടിയ കിരീടങ്ങൾ റദ്ദാക്കപ്പെടുമെന്ന അഭ്യൂഹങ്ങളുമുണ്ട്. അന്തിമ ശിക്ഷാ നടപടികൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home