Deshabhimani

നീറ്റ് പരീക്ഷ ഓൺലൈൻ ആകുമോ? ഒരുക്കം തീരുന്നില്ല, സുരക്ഷയും സൗകര്യങ്ങളും ഇപ്പോഴും ആശങ്കയിൽ തന്നെ

NEET
വെബ് ഡെസ്ക്

Published on Sep 30, 2026, 05:06 PM | 2 min read

ന്യൂഡൽഹി: പരീക്ഷാ ചോര്‍ച്ചയും വീഴ്ചകളും പതിവായതോടെ മുഴുവൻ ദേശീയ പരീക്ഷകളും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാൻ ഒരുക്കങ്ങൾ. ഏറ്റവും കൂടുതൽ പേര്‍ എഴുതുന്നതും ഏറ്റവും അധികം പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്ത നീറ്റ് പരീക്ഷ കൂടി പുര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാനാണ് നീക്കം. ഇതോടെ എല്ലാ പരീക്ഷകളും സിബിടി മാതൃകയിലാവും.


എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയ്ക്ക് അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. സുരക്ഷയും സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഒരുക്കാൻ കഴിയുമോ എന്ന വെല്ലുവിളി ഇനിയും മറികടക്കാൻ കഴിഞ്ഞില്ല.


ഈ അനിശ്ചിതത്വം ഇത്തവണ പരീക്ഷ എഴുതാൻ തുടങ്ങുന്ന വിദ്യാര്‍ഥികളെയും ബാധിക്കുന്ന തരത്തിലാണ് തീരുമാനമില്ലാതെ തുടരുന്നത്. ഇനിയും ഏത് രീതിയിലാവും പരീക്ഷ നടത്തുക എന്നത് സംബന്ധിച്ച് വ്യക്തത നൽകാൻ ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാരിനോ എൻടിഎയ്ക്കോ കഴിഞ്ഞിട്ടില്ല. ഇതിനായി ഒരു ദേശീയ പരീക്ഷാ തന്ത്രം (National Examination-Grade CBT Infrastructure Strategy) വികസിപ്പിക്കുന്നു എന്നാണ് ആവര്‍ത്തിക്കുന്നത്. ഒരുക്കം തുടങ്ങി എന്ന വാക്കുകൾ മാത്രം ആവര്‍ത്തിക്കുന്നു.


വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ ഇനി മുതൽ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാവും നടത്തുക എന്ന് വാക്കാൽ പറഞ്ഞിരുന്നു. ഇപ്പോഴും പ്രസ്താവനകളും പ്രസംഗങ്ങളും അതേപടി തുടരുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.


നന്ദൻ നിലേകിനി സമിതി

എന്തു പറയും


പൊതുപരീക്ഷാ സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ നിര്‍ദ്ദേശിക്കാൻ നന്ദൻ നിലേകിനിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉന്നത ടാസ്ക് ഫോഴ്സ് പഠനം നടത്തുന്നുണ്ട്. ഈ റിപ്പോര്‍ട് കിട്ടിയ ശേഷം പരിഷ്കരണം എന്ന നിലയ്ക്കാണ് ഇപ്പോൾ ആവര്‍ത്തക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാൻ രാജിവെച്ച് ഒഴിയേണ്ടി വന്നതോടെ പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനമേറ്റു എങ്കിലും പ്രധാന പ്രശ്നങ്ങളിൽ കാര്യമായ പ്രതികരണങ്ങൾ ഒന്നുമില്ലാതെ നിശ്ശബ്ദമായി ഒതുങ്ങുകയാണ്. ടാസ്ക് ഫോഴ്സിന്റെ അന്തിമ റിപോര്‍ട് ലഭിച്ചില്ല എന്ന വാര്‍ത്ത പ്രചരിപ്പിക്കുക മാത്രം ചെയ്യുന്നു.


എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയ്ൻ (JEE-Main), സി.യു.ഇ.ടി (CUET), യു.ജി.സി നെറ്റ് (UGC-NET) തുടങ്ങിയവ നിലവിൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് നടത്തുന്നത്. നീറ്റ് കൂടി ഇതിലേക്ക് മാറുന്നതോടെ രാജ്യത്തെ എല്ലാ പ്രവേശന പരീക്ഷകളും ഓൺലൈൻ രീതിയിലാകും. എന്നാൽ ഏറ്റവും അധികം കുട്ടികൾ എഴുതുന്ന പരീക്ഷയാണ്. ഇന്റര്‍നെറ്റ് സേവനങ്ങൾ കുറവുള്ള സ്ഥലങ്ങളിലും വേഗത കുറവായ സാഹചര്യങ്ങളിലും ഇത് ഗ്രാമീണ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാര്‍ഥികൾക്ക് വിനയാകാം. പിന്തള്ളപ്പെടാൻ കാരണവുമായാവാം.


പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടറുകളുടെ എണ്ണം കൂട്ടുക മാത്രം ചെയ്ത് ഇത്തരം ബൃഹത് പരീക്ഷകൾ നടത്താനാവില്ല. ഓരോ സെന്ററുകളുടെയും കൃത്യമായ ഗുണനിലവാര പരിശോധനയും നിരീക്ഷണവും ഇതോടൊപ്പം സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പാടാക്കേണ്ടി വരുമെന്ന് എഡ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കേശവ് അഗർവാൾ അഭിപ്രായപ്പെട്ടു. നേരത്തെ പലതവണ എൻടിഎ പരാജയപ്പെട്ടതാണ്. വെറും ഡിജിറ്റൽ സ്ക്രീനിലേക്ക് മാറുക എന്ന സമീപനം മാത്രമാണെങ്കിൽ ഇതിന് വീണ്ടും വിദ്യാര്‍ഥി സമൂഹം തന്നെ വലിയ വില നൽകേണ്ട സാഹചര്യമാവും. കേന്ദ്ര സര്‍ക്കാര്‍ പതിവാക്കിയ പോലെ അവരുടെ ഭാവിയാവും പന്താടപ്പെടുക.


രാജ്യത്തെ ഏറ്റവും വലിയ ബിരുദതല പ്രവേശന പരീക്ഷയായ നീറ്റിൽ വർഷം തോറും 25 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്. എം.ബി.ബി.എസ്, ഡെന്റൽ, ആയുർവേദം, യുനാനി, സിദ്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് വഴിയാണ് നടക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home