ജാത്യാധിക്ഷേപത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: എസ്എഫ്ഐ

നിധിൻരാജ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവം അത്യന്തം ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ. കോളേജ് അധികൃതരുടെയും വിദ്യാർഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണ്. ക്ലാസ്‌റൂമിലും സ്റ്റാഫ്റൂമിലും അധ്യാപകർ നടത്തുന്ന കൂട്ട അധിക്ഷേപങ്ങളെ കുറിച്ച് നിതിൻ സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശം അടക്കം അതീവ ഗൗരവത്തോടെ അന്വേഷണ വിധേയമാക്കണമെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തന്റെ മകനെ പുഴുത്ത പട്ടി എന്നുപോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. കാമ്പസുകൾ വിദ്യാർഥികൾക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠനം സാധ്യമാക്കേണ്ട ഇടങ്ങളാണ്. അവിടെ ജാതി വർണ്ണ ചിന്തകൾക്ക് സ്ഥാനമില്ല.
കാമ്പസുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമേതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. നിധിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ക്യാമ്പസുകളിൽ ജാതി വിവേചനത്തിനും അതിക്ഷേപങ്ങൾക്കുമേതിരെ പ്രതിഷേധം ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയില്‍ അറിയിച്ചു.
സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
നിധിൻ രാജിൻ്റെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി അനൂപ് എന്നിവർ ആവശ്യപ്പെട്ടു. റാഗിങ്, ജാതി അധിക്ഷേപം, മാനസിക പീഡനം എന്നിവ മൂലമാണ് നിധിൻ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിൻ്റെ പരാതി ഗൗരവമുള്ളതാണ്. കോളേജ് അധികൃതർ, അധ്യാപകർ, സഹപാഠികൾ എന്നിവരുടെ പങ്ക് അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി വേണമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ ആവശ്യപ്പെട്ടു.










0 comments