കോണ്‍ഗ്രസും കെഎസ്‌യുവും ലഹരി മാഫിയക്കൊപ്പം : എസ്എഫ്ഐ

മലപ്പുറം : കേരളത്തിലെ വിദ്യാർഥികളെ ലഹരിക്ക് അടിമകളാക്കാൻ മാഫിയകൾക്കൊപ്പം കോൺഗ്രസും കെഎസ്‌യുവും ഗൂഢ പദ്ധതി തയ്യാറാക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ക്യാമ്പസുകളിൽ ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന എസ്എഫ്ഐക്കെതിരെ കുപ്രചാരണം നടത്തുന്നത് ഇതിന്റെ ഭാഗമായാണ്. എസ്എഫ്ഐക്കെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളുടെ ഗുണഭോക്താക്കൾ കോൺഗ്രസാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുകയാണ് ഇവർ.
അടുത്തിടെ ലഹരിവസ്തുക്കളുമായി പിടിയിലായത് കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ലഹരിക്കച്ചവടക്കാരാണിവർ. കെഎസ്‌യു ക്യാമ്പിൽ ലഹരി ഉപയോഗിച്ചുണ്ടായ തമ്മിൽത്തല്ലിന്റെ തുടർച്ചയാണ് ക്യാമ്പസുകളിലെ ലഹരിവ്യാപനം.
എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിക്ക് മർദനമേറ്റത് ലഹരി പങ്കിടുന്നതിലുണ്ടായ തർക്കമാണെന്ന് സംശയിക്കേണ്ടിവരും. ലഹരിമാഫിയകൾ ക്യാമ്പസിനകത്ത് കടക്കാതിരിക്കാനുള്ള ഇടപെടൽ എസ്എഫ്ഐ നടത്തുമെന്നും എം ശിവപ്രസാദ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.










0 comments