ലൈംഗിക പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം പ്രശോഭ് സി വത്സൻ (ഇടത്), പ്രശോഭ് സി വത്സൻ (വലത്)
പാലക്കാട്: ജോലി വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതിയാണ് വിധി പറയുക. പ്രശോഭിനെതിരെ ബലാത്സംഗം, പട്ടികജാതി വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. ജോലി വാഗ്‌ദാനം നൽകി പ്രശോഭ് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ താനുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. എംഎൽഎ, എംപി എന്നിവരുമായി നല്ല ബന്ധമാണെന്ന് പറയുകയും അവരുമായി നിൽക്കുന്ന ഫോട്ടോ ഇയാൾ കാണിച്ചുതന്നതായും പരാതിയിൽ പറയുന്നു. പരാതി നൽകിയശേഷം പ്രശോഭ് ഫോൺ സ്വിച്ച് ഓഫ് ആക്കിയെന്നും മൊഴിയിൽ പറയുന്നു.
ലൈംഗിക പീഡനക്കേസുകൾ നേരിടുന്ന പാലക്കാട്ടെ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് പ്രശോഭ്. പീഡനപരാതി വന്നയുടെ 15 ദിവസം ഒളിവിൽ പോയ മാങ്കൂട്ടത്തിൽ പിന്നെ പൊങ്ങിയത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാൻവേണ്ടിയായിരുന്നു. രാഹുൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയതും പ്രശോഭായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത സൗഹൃദമുള്ള പ്രശോഭ് രാഹുൽ ഒളിവിൽപ്പോയ അതേ രീതിയാണ് പിന്തുടരുന്നത്. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയെന്നും ഷാഫിയെ വീഡിയോകോൾ ചെയ്‌ത് തന്നെ കാണിച്ചെന്നും യുവതി പൊലീസിന് മൊഴിനൽകിയതിനാൽ ഒളിവിൽപ്പോകാൻ ഇവർ പ്രശോഭിന് സഹായം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.










0 comments