ad
Deshabhimani

ലൈംഗികപീഡനം: മുസ്ലിം ലീഗ്‌ നേതാവിനെതിരെ കേസ്‌, വീഡിയോ കോളിൽ നഗ്നത കാട്ടിയെന്നും പരാതി

League leader.jpg

എ എ റസാഖ്

വെബ് ഡെസ്ക്

Published on Dec 07, 2025, 08:47 PM | 1 min read

ആലപ്പുഴ: മുസ്ലിം ലീഗ്‌ സംസ്ഥാന നേതാവും ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ എ എ റസാഖിനെതിരെ ലൈംഗികപീഡന പരാതിയിൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ മുൻ അധ്യാപികയുടെ പരാതിയിൽ ആലപ്പുഴ നോർത്ത്‌ പൊലീസാണ്‌ കേസെടുത്തത്‌. ആലപ്പുഴ സത്രത്തിലുള്ള പ്രതിയുടെ ഓഫീസിൽ വിളിച്ചുവരുത്തി രണ്ടുതവണ ലൈംഗികപീഡനം നടത്തിയെന്നും വീഡിയോ കോളിൽ നഗ്നത കാട്ടിയെന്നും യുവതി പൊലീസിന്‌ മൊഴി നൽകി. ഡിജിറ്റൽ തെളിവുകളും പൊലീസിന്‌ കൈമാറി.


എ എ റസാഖും ലീഗിന്റെ ജില്ലാ ഭാരവാഹിയായ മറ്റൊരു നേതാവും ലൈംഗിക ചൂഷണംചെയ്‌തതായി കാണിച്ച്‌ ഒക്‌ടോബറിൽ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾക്ക്‌ യുവതി പരാതി നൽകിയിരുന്നു. ലീഗിന്റെ ജില്ലാ നേതാവ്‌ മാനേജറായ സ്‌കൂളിലെ താൽക്കാലിക അധ്യാപികയായിരുന്നു പരാതിക്കാരി. യുവതിക്ക്‌ സ്ഥിരനിയമനം നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 2019ൽ ജില്ലാ നേതാവ്‌ ആറുലക്ഷം രൂപ വാങ്ങിയിരുന്നു. പണം നൽകിയ ശേഷം ജോലിയുടെ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഓഫീസിലും വീട്ടിലും വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണംചെയ്‌തു. ലൈംഗിക ചൂഷണമാണ്‌ ലക്ഷ്യമെന്ന്‌ തിരിച്ചറിഞ്ഞതോടെ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ക്ലാസ്‌ മുറിയിൽനിന്ന്‌ ആക്ഷേപിച്ച്‌ ഇറക്കിവിട്ടതായും നേതൃത്വത്തിന്‌ നൽകിയ പരാതിയിലുണ്ട്‌.


പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാമെന്ന്‌ വാഗ്‌ദാനംചെയ്‌താണ്‌ അഡ്വ. എ എ റസാഖ്‌ യുവതിയെസമീപിച്ചതെന്നും ലീഗിന്‌ നൽകിയ പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന്‌ ലീഗിന്റെ ജില്ലാ നേതാവ്‌ പണം തിരികെ നൽകി. യുവതി ചൂഷണം സംബന്ധിച്ച്‌ മുതിർന്ന നേതാക്കളോടും ലീഗിന്റെ വനിതാ നേതാക്കളോടും പറഞ്ഞെങ്കിലും ആരും അനങ്ങിയില്ല. ഇതിനിടെ ആലപ്പുഴയിൽ എ എ റസാഖ്‌ അടക്കമുള്ളവരുടെ വീടുകളിൽ നടന്ന ചടങ്ങുകളിലും സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. നേതൃത്വത്തിൽനിന്ന്‌ നീതി ലഭിക്കില്ലെന്ന്‌ ഉറപ്പാതോടെയാണ്‌ യുവതി പൊലീസിൽ പരാതി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home