ad
Deshabhimani

മുന്നറിയിപ്പുണ്ടായില്ല; പത്തനംതിട്ടയെ തള്ളിവിട്ടത്‌ പ്രളയക്കെടുതിയിലേക്ക്‌

Ranni Town Rain Flood

ഒറ്റരാത്രി പമ്പാനദി കരകവിഞ്ഞ് ശനി രാവിലെ റാന്നി ടൗണിൽ വെള്ളം കയറിയപ്പോൾ

avatar
ആർ രാജേഷ്‌ 
[email protected]

Published on Aug 02, 2026, 08:03 AM | 1 min read

പത്തനംതിട്ട: മഴ മുന്നറിയിപ്പ് നൽകുന്നതിലുണ്ടായ ഗുരുതര വ‍ീഴ്‌ച പത്തനംതിട്ട ജില്ലയെ തള്ളിവിട്ടത്‌ പ്രളയ സമാനാന്തരീക്ഷത്തിലേക്ക്‌. ശനി രാവിലെ ഒമ്പതുവരെയുള്ള 24 മണിക്കൂറിൽ വടശ്ശേരിക്കരയിൽ പെയ്‌തത് 361 മില്ലീമീറ്റർ മഴ. സ്വാഭാവികമായും റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കേണ്ടതാണ്‌. എന്നാൽ നിലവിലുണ്ടായിരുന്ന ഓറഞ്ച്‌ അലർട്ടിനുള്ള മുന്നൊരുക്കങ്ങൾ പോലും ജില്ലയിലുണ്ടായിരുന്നില്ല. റാന്നിയിലെ മിന്നൽ പ്രളയം ക്ഷണിച്ചുവരുത്തിയതാണെന്ന്‌ പറയേണ്ടിവരും.


അതിതീവ്ര മഴയ്‌ക്കൊപ്പം മൂഴിയാർ, കാരികയം ഡാമുകൾ തുറന്നുവിട്ട്‌ കല്ലാർ, കക്കാട്ടാറുകൾ കരകവിഞ്ഞത്‌ ആഘാതം വലുതാക്കി. അറ്റകുറ്റപ്പണിക്ക്‌ മണിയാർ ഡാം തുറന്നിട്ടതും സംഭവം കൈവിട്ടുപോകുന്നതിന്‌ കാരണമായിട്ടുണ്ട്‌. 2018ലെ പ്രളയത്തിൽ തുടർച്ചയായി നാലുദിവസമുണ്ടായ മഴയിലാണ്‌ റാന്നിയടക്കം മുങ്ങിയത്‌.


അതിതീവ്രമായ മഴ പെയ്യുമെന്നോ ഡാം തുറന്നുവിടുമെന്നോ മുന്നറിയിപ്പ്‌ നൽകിയിരുന്നുവെങ്കിൽ വീടുകളിലെയും കടകളിലെയും മറ്റും സാധനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ അവസരം ലഭിച്ചേനെ. പുലർച്ചെ നാലിന്‌ മറ്റുള്ളവർ അറിയിച്ച്‌ പലരും എഴുന്നേറ്റപ്പോഴേക്കും വീടിനുള്ളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ വെള്ളംകയറി കഴിഞ്ഞിരുന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ മൈക്ക് അനൗൺസ്‌മെന്റ്‌ ഉണ്ടായത്‌ പോലും രാവിലെ ഒമ്പതരയ്‌ക്കാണ്.


നിറപുത്തിരിയോടനുബന്ധിച്ച്‌ ശബരിമലയിലെത്തുന്ന തീർഥാടകർക്കും മുൻകൂട്ടി മുന്നറിയിപ്പ്‌ നൽകാൻ കഴിഞ്ഞില്ല. ഇതുമ‍ൂലം ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം ശബരിമലയിലേക്ക്‌ തിരിച്ച തീർഥാടകർ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്‌.


Ranni Town Heavy Rainറാന്നി ടൗണിൽ വെള്ളം കയറിയപ്പോൾ | ആകാശദൃശ്യം


അതിതീവ്ര മഴയും പമ്പാനദി കരകവിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ശബരിമലയാത്ര കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും അഭ്യർഥിച്ചിട്ടുണ്ട്‌. ശബരിമലയിലേക്കുള്ള വടശേരിക്കര ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ വെള്ളത്തിലാണ്‌. കിഴക്കൻ മേഖലാ യാത്രയ്‌ക്ക്‌ ജില്ലാ പൊലീസ്‌ നിരോധനം ഏർപ്പെടുത്തിയിരുന്നു.


രക്ഷാപ്രവർത്തനങ്ങളിലും തികഞ്ഞ അലംഭാവമാണുണ്ടായത്‌. സാധാരണഗതിയിൽ അഗ്‌നിരക്ഷാസേനയും പൊലീസും മറ്റും ഡിങ്കികളും ചെറുവള്ളങ്ങളും ഉപയോഗിച്ച് വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയാണ് പതിവ്. റാന്നിയിൽ രക്ഷാപ്രവർത്തനത്തിന്‌ എത്തിച്ചത്‌ എൻജിൻ കേടായ ഒരു ഡിങ്കി മാത്രം. അതിലുണ്ടായിരുന്നത്‌ തുഴച്ചിലറിയാത്ത ദ്രുതകർമസേനാംഗങ്ങളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home