മണ്ണിടിച്ചിൽ, വാഹന നിയന്ത്രണം; മൂന്നാറിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം

മൂന്നാറിൽ തുറന്ന കൺട്രോൾ റൂം
മൂന്നാർ; കൊച്ചി–ധനുഷ്ക്കോടി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയ പാതയിൽ ഒരു മാസം മുമ്പ് പഴയ മൂന്നാർ സിഎസ്ഐ ദേവാലയത്തിനു സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു. മണ്ണിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് മഴ കുറഞ്ഞപ്പോൾ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വീണ്ടും വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം പൂർണമായി നിരോധിച്ചു. ഇതോടെ മൂന്നാറിലേക്കുള്ള യാത്ര ദുഷ്ക്കരമായി.
പഴയ മൂന്നാർ സുജാത ഇന്നിന് സമീപമുള്ള ബൈപാസിലൂടെയാണ് ഇരു വശത്തേയ്‌ക്കുമുള്ള വാഹനങ്ങൾ തിരിച്ചു പോകുന്നത്. ഇത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. രോഗികളേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകളും കുരുക്കിൽപ്പെടുന്ന സ്ഥിതി. സ്കൂൾ വിദ്യാർഥികൾ വീട്ടിലെത്തുന്നതും വൈകിയാണ്. സുരക്ഷ മുൻനിർത്തി ചില റോഡുകളിലൂടെ ഗതാഗതം നിയന്ത്രിച്ചതും വാഹനങ്ങൾ തിരിച്ചുവിട്ടതുമാണ് പ്രധാന പാതകളിൽ നീണ്ട വാഹനനിര രൂപപ്പെടാൻ കാരണമായത്.
വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യാത്രയ്ക്ക് മുമ്പ് റോഡുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഗതാഗതം സാധാരണ നിലയിലാക്കാൻ പൊലീസ്, പൊതുമരാമത്ത് വകുപ്പ്, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.










0 comments