print edition ചൂടിന് ശമനമില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് കനത്ത ചൂട് തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പു നൽകി.
വിവിധയിടങ്ങളിലായി കുട്ടിയടക്കം നാലുപേർക്ക് സൂര്യാതപമേറ്റു. മലപ്പുറത്ത് ചെമ്മാട് വാഹനം കാത്തുനിൽക്കുന്നതിനിടെ രണ്ടാംക്ലാസുകാരനായ തിരൂരങ്ങാടി കെ സി റോഡിൽ വട്ടപ്പറമ്പൻ അസീസ്,- ഫരീദ ദമ്പതികളുടെ മകൻ അഫ്‌നാന്റെ (എട്ട്)വലതുകൈയിലാണ് പൊള്ളലേറ്റത്.
കൊണ്ടോട്ടി സ്രാന്പ്യബസാർ മേലേ മംഗലത്ത് അഖിലിന് (36) മരപ്പണിക്കിടെ സൂര്യാതപമേറ്റ് വയറിനും കൈക്കും സാരമായി പൊള്ളലേറ്റു. പാലക്കാട് കൂറ്റനാട് ചാലിശേരി പെരുമണ്ണൂർ കൂളത്ത് വാസു(62)വിന് വീട്ടുമുറ്റത്തുനിന്നാണ് പൊള്ളലേറ്റത്. കോട്ടയം വൈക്കത്ത് വിറക് ശേഖരിക്കുന്നതിനിടെ കാരയില്‍ ഭാഗത്തെ അരുണേന്ദുവില്‍ വിജി ഇന്ദ്രപാലന് (60) സൂര്യാതപമേറ്റു. മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളൽ. നാലുപേരും ചികിത്സതേടി.
പാലക്കാട് വെള്ളിയാഴ്‌ച 40.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. പുനലൂരിൽ വെള്ളിയാഴ്‌ച 38.6 ഡിഗ്രി താപനില രേഖപ്പെടുത്തി. ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിനൽകി. ഞായർവരെ പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെയും, കൊല്ലത്ത് 39 ഡിഗ്രിവരെയും, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിവരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രിവരെയും, തിരുവനന്തപുരത്ത് 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യത.










0 comments