'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്'; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതികളിൽ പ്രതികരിക്കാതെ മുങ്ങി നടക്കുന്ന ഷാഫി പറമ്പിൽ എംപിക്കെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അനുയായിയായ രാഹുലിനെ സംരക്ഷിക്കുന്ന തരത്തിലാണ് ഷാഫി കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനം. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ആരോപണങ്ങളെപ്പറ്റി പറഞ്ഞപ്പോൾ രാഹുലിനെ അധികം പേരെടുത്ത് പറയുക പോലും ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു ഷാഫി. കോടതി വിധിയോ എഫ്ഐആറോ പരാതിയോ വരുന്നതിനു മുമ്പ്, ആരോപണം ഉയർന്നപ്പോൾ തന്നെ രാജി സന്നദ്ധത പാർടിയെ അറിയിക്കുകയും പാർടി നേതൃത്വവുമായി ആലോചിച്ച് രാജിയും രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ രാഹുൽ ആ സ്ഥാനത്ത് തുടരുന്നില്ല. ഇതിനു ശേഷം വരുന്ന പ്രതിഷേധങ്ങളെല്ലാം അജണ്ടയുടെ ഭാഗമാണ്. മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയാണ്.
ഇതുകൊണ്ടൊന്നും കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. രാജി വച്ചതിനു ശേഷവും കോൺഗ്രസിന്റെ ധാർമികതയെപ്പറ്റി ചോദ്യം ഉയർത്തുന്നത് രാഷ്ട്രീയപരമാണ്. രാഹുലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാതെ ഷാഫി എങ്ങും തൊടാതെയാണ് മറുപടി നൽകിയത്. മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളെ പാടെ അവഗണിച്ച് മറുപടി പറഞ്ഞ ഷാഫി മാധ്യമങ്ങളെ കുറ്റം പറയുകയും ചെയ്തു. ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉയർന്നതിനു ശേഷവും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഷാഫിയുടേത്. രാജി വച്ചതോടെ ഉത്തരവാദിത്വം തീർന്നെന്നും ഇനി വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ഷാഫി പറയുന്നത്.
വിഷയത്തിൽ അന്ന് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. പിന്നീട് ഞാനും പ്രതികരിക്കണമെന്ന് നിർബന്ധമുണ്ടോ? കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളെ വരി വരിയായി നിന്ന് കാണണമെന്ന് നിർബന്ധമുണ്ടോ- മാധ്യമങ്ങളോട് പ്രതികരിക്കാതെ ബിഹാറിലേക്ക് പോയതിനെക്കുറിച്ചുള്ള ചോദ്യത്തിൽ ഇതായിരുന്നു ഷാഫിയുടെ മറുപടി.
അതേസമയം രണ്ടര ദിവസത്തോളം അടൂരിലെ വീടിനുള്ളിൽ കഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒടുവിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. ഉച്ചയോടെ തന്റെ ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്കാണ് രാഹുൽ തിരിച്ചത്. വീടിനു മുന്നിൽ കാത്തുനിന്ന മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽ തയ്യാറായില്ല.









0 comments