ad
Deshabhimani

നടിയെ ആക്രമിച്ച കേസിൽ
 ശിക്ഷാവിധി മൂന്നരയ്ക്ക്; വാദം പൂർത്തിയായി

actress assault case DILEEP
വെബ് ഡെസ്ക്

Published on Dec 12, 2025, 01:20 PM | 2 min read

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വാദം പൂർത്തിയായി. ശിക്ഷാവിധി മൂന്നരയോടെ ഉണ്ടാകുമെന്ന് കോടതി അറിയിച്ചു. കുറ്റക്കാരായ ആറ് പ്രതികളുടെ ശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വർഗീസ് പ്രഖ്യാപിക്കുക. ലൈംഗിക കുറ്റകൃത്യത്തിന്‌ ക്വട്ടേഷൻ നൽകിയതിന്‌ രാജ്യത്ത്‌ ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്‌.


രാജ്യമാകെ ശ്രദ്ധിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.


എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണം. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സം​ഗമാണ്. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ല- പ്രോസിക്യൂഷൻ ഉന്നയിച്ചു.


അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാനാകൂവെന്നും എന്നാല്‍ അത്തരത്തിലല്ല നടന്നതെന്നുമായിരുന്നു പൾസ‍ർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നുചോദിച്ച കോടതി സ്ത്രീയുടെ സകല അന്തസ്സും അഭിമാനവുമാണ് പ്രധാനമെന്ന് പ്രതികരിച്ചു.


ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ്‌ സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്‌, എച്ച്‌ സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, ബലപ്രയോഗത്തിലൂടെ സ്‌ത്രീയെ വിവസ്‌ത്രയാക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങൾ ഇവർ ചെയ്തതായി വിധിയിൽ പറഞ്ഞിരുന്നു.


​ 2017 ഫെബ്രുവരി 17ന്‌ രാത്രി അങ്കമാലി അത്താണിക്കുസമീപം കാർ തടഞ്ഞുനിർത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലവീഡിയോ പകർത്തുകയും ചെയ്‌തെന്നാണ്‌ കേസ്‌.


ഗൂഢാലോചനക്കുറ്റവും തെളിവുനശിപ്പിക്കലും തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി എട്ടാംപ്രതി ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്‌തിരി സനില്‍), 15–ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ബൈജു പ‍ൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. വി അജകുമാറാണ്‌ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home