യുദ്ധഭീതിയില്‍ സെന്‍സെക്സ് 880 പോയിന്റ് ഇടിഞ്ഞു

കൊച്ചി: ഇന്ത്യ–-പാകിസ്ഥാൻ സംഘർഷം കൂടുതൽ രൂക്ഷമായതോടെ ഇന്ത്യൻ ഓഹരിവിപണി കരടികളുടെ പിടിയിലായി. അമേരിക്കയും ബ്രിട്ടനും തമ്മിൽ പുതിയ വ്യാപാരകരാർ ഒപ്പുവച്ചതിന്റെ ആവേശത്തിൽ യുഎസ് ഓഹരികൾ നേടിയ മുന്നേറ്റം അവഗണിച്ച് യുദ്ധഭീതിയിൽ സെൻസെക്സും നിഫ്റ്റിയും 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി.
തുടക്കത്തിൽത്തന്നെ 1366 പോയിന്റ് നഷ്ടത്തിലായ സെൻസെക്സ്, വ്യാപാരത്തിനിടെ 78,968.34 വരെ താഴ്ന്നശേഷം ഒടുവിൽ 880.34 പോയിന്റ് നഷ്ടത്തിൽ 79,454.47ലും 23,935.75 വരെ താഴ്ന്ന നിഫ്റ്റി 265.80 പോയിന്റ് താഴ്ന്ന് 24,008ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുൻദിവസത്തെ 419.34 ലക്ഷം കോടിയിൽനിന്ന് 416.40 ലക്ഷം കോടിയായി താഴ്ന്നു. 2.94 ലക്ഷം കോടിയാണ് ആഴ്ചയുടെ അവസാനദിനം നിക്ഷേപകർക്ക് നഷ്ടമായത്.
ബിഎസ്ഇ റിയാൽറ്റി സൂചിക 2.08 ശതമാനവും ബാങ്ക് 1.04 ശതമാനവും പവർ 1.11 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക് ഓഹരി 3.16 ശതമാനവും പവർഗ്രിഡ് കോർപറേഷൻ 2.70 ശതമാനവും റിലയൻസ് -1.93 ശതമാനവും അദാനി പോർട്സ് 1.73 ശതമാനവും നഷ്ടത്തിലായി.
പ്രതിരോധ മേഖലാ ഓഹരികൾ നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് 1.84 ശതമാനവും ഭാരത് ഇലക്ട്രോണിക്സ് 2.92 ശതമാനവും ഭാരത് ഡൈനാമിക്സ് 5.34 ശതമാനവും ലാഭം കൈവരിച്ചു. ഡ്രോൺ നിർമാണ കമ്പനിയായ ഐഡിയ ഫോർജ് ടെക്നോളജി 20 ശതമാനം നേട്ടമുണ്ടാക്കി. കൊച്ചി കപ്പൽശാല 2.79 ശതമാനം മുന്നേറി.








0 comments