print edition ബിൽ പാർലമെന്ററി സബ്‌ജക്ട് കമ്മിറ്റിക്ക് വിടണം ഭേദഗതി നീതിനിഷേധം: കെസിബിസി

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി). ബില്ലിലെ ചില വ്യവസ്ഥകൾ ഭരണഘടനാ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും നീതിനിഷേധവുമാണെന്ന് കെസിബിസി ഔദ്യോഗിക വക്താവ് ഫാ. തോമസ് തറയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമം പാസാക്കുന്നതിനുമുമ്പുള്ള ഒരു നടപടിക്രമവും പാലിക്കാതെയാണ് ഭേദഗതി കൊണ്ടുവന്നത്. ആരുമായും ചർച്ച നടത്തിയിട്ടില്ല. എംപിമാർക്കുപോലും ബില്ല് പഠിക്കാനോ ഭേദഗതി നിദേശിക്കാനോ സമയം നൽകിയില്ല. പല വകുപ്പുകളും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി വിലയിരുത്തിയിട്ടുണ്ട്.
പൊതുജനസേവനാർഥം പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ആരാധനാലയങ്ങളും പിടിച്ചെടുക്കാനാകുന്ന, അധികാര ദുര്‍വിനിയോഗ സാധ്യതകള്‍ ഭേദഗതിയിലുണ്ട്. ഇത് ആശങ്കാജനകമാണ്. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ ചെറിയ കാലതാമസമോ ഓഡിറ്റിങ്ങിലെ സാങ്കേതിക പിഴവുകളോ മുൻനിർത്തി ലൈസൻസ് റദ്ദാക്കുക, ആസ്‌തികൾ കണ്ടുകെട്ടുക തുടങ്ങിയ നടപടികളാണ് ഭേദഗതിയിലുള്ളത്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന, സഭയുടേതുള്‍പ്പെടെ നിരവധി സന്നദ്ധസംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം നിലവിലുണ്ട്.
അനിയന്ത്രിത അധികാരത്തോടെയുള്ള പുതിയ ഭേദഗതി സന്നദ്ധ സേവനമേഖലയില്‍ മത, വര്‍ഗീയ പ്രതിസന്ധി സൃഷ്ടിക്കും. സർക്കാർ സഭയെ കേൾക്കണം. കൂടുതല്‍ പഠനത്തിനും ചര്‍ച്ചയ്‌ക്കുമായി എഫ്‌സിആർഎ ബില്ല് പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണം. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. കെസിബിസി ജാഗ്രത കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ, ജോണി പള്ളിവാതുക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments