നവജാത ശിശുക്കളുടെ വിൽപ്പന: അമ്മയ്‌ക്ക് നൽകുന്നത് 2 ലക്ഷം രൂപ, ഇരകളാക്കുന്നത് ഇതരസംസ്ഥാനങ്ങളിലെ യുവതികളെ


സ്വന്തം ലേഖകൻ
Published on Aug 01, 2026, 10:30 AM | 1 min read
കൊല്ലം : നവജാത ശിശുക്കളെ ലക്ഷക്കണക്കിനു രൂപയ്‌ക്ക് വിൽക്കുന്ന അനീന തെസ്‌നി ഉൾപ്പെട്ട സംഘം കുഞ്ഞിന്റെ അമ്മയ്‌ക്ക് നൽകുന്നത് രണ്ടുലക്ഷം രൂപ. സംഘത്തിലെ ഇടനിലക്കാരി മലപ്പുറം സ്വദേശി അനീന തെസ്‌നിയെ പൊലീസ് കഴിഞ്ഞ ദിവസം കൊല്ലം ചാത്തിനാംകുളത്തുനിന്നു പിടികൂടിയിരുന്നു. കൊല്ലം ജില്ലയിൽ നവജാത ശിശുക്കളെ വിൽപ്പന നടത്തിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു.
കൊല്ലം പരവൂർ സ്വദേശിയെ വിവാഹംചെയ്‌ത അനീന ഭർത്താവുമായി പിണങ്ങി ചാത്തിനാംകുളത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു ദിവസമായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതരസംസ്ഥാനങ്ങളിലെ നിർധന കുടുംബങ്ങളിലെ യുവതികൾക്ക് ലക്ഷങ്ങൾ വാഗ്‌ദാനംചെയ്‌തായിരുന്നു അനീന ഉൾപ്പെട്ട സംഘം നവജാത ശിശുക്കളെ വിൽപ്പന നടത്തിവന്നത്. ഗർഭിണികളെ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ച് പണംനൽകി നവജാത ശിശുക്കളെ വാങ്ങുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുനെൽവേലി സ്വദേശി മുപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ എസ് അർജുൻ (21) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് ഇടനിലക്കാരിയായ അനീനയുടെ പങ്ക് വെളിവായത്. ആറുമാസം മുന്പ് നവജാത ശിശുവിനെ സംഘം കൈമാറിയതായി പൊലീസിന് വിവരംലഭിച്ചു. പ്രതികൾ കൂടുതൽ നവജാത ശിശുക്കളെ കേരളത്തിൽ ഉൾപ്പെടെ വിൽപ്പന നടത്തിയിട്ടുണ്ടോ എന്നതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.










0 comments