വസ്തുത മറച്ച് മാധ്യമങ്ങൾ
print edition ഉമ്മൻചാണ്ടി പൂട്ടിയ സമരഗേറ്റ് തുറന്നത് എൽഡിഎഫ് സർക്കാർ

സെക്രട്ടറിയറ്റിലെ നോർത്ത് ഗേറ്റ്
തിരുവനന്തപുരം : സെക്രട്ടറിയറ്റിലെ സമര ഗേറ്റ് എന്ന് അറിയപ്പെടുന്ന നോർത്ത് ഗേറ്റിനെ പത്ത് വർഷമായി തുറക്കാത്ത കവാടമാക്കി ചിത്രീകരിച്ച് വലത് മാധ്യമങ്ങൾ. ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ ഔദ്യോഗിക വാഹനത്തിൽ ഈ വഴി പുറത്തേക്ക് പോയി ഗേറ്റിന് ‘ശാപമോക്ഷം’ നൽകിയെന്നാണ് വാർത്ത. എന്നാൽ നോർത്ത് ഗേറ്റിന് താഴിട്ടത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. സോളാർ വിഷയം കത്തിനിൽക്കുന്ന സമയത്ത് അടച്ചുപൂട്ടിയ കവാടം പിന്നീട് തുറന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. പൊതുജനങ്ങൾക്ക് ഇതുവഴി പ്രവേശനവും അനുവദിച്ചിരുന്നു. കോവിഡ് സമയത്ത് അടച്ച ഗേറ്റ് പിന്നീട് നിയന്ത്രണം പിൻവലിച്ചതോടെ വീണ്ടും തുറന്നു.
അന്ന് യുഡിഎഫ് മാധ്യമമായ മനോരമ ചാനലടക്കം ഇത് റിപ്പോർട്ട് ചെയ്തിരുന്നു. കവാടത്തിന് തൊട്ടുമുന്നിലെ രാഷ്ട്രീയ സമരങ്ങളും സുരക്ഷാ റിപ്പോർട്ടുകളും മുൻനിർത്തി പിന്നീട് പൊലീസാണ് ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചത്. എന്നാൽ മന്ത്രിമാർ, ഉദ്യോഗസ്ഥർ, ഭിന്നശേഷിക്കാർ എന്നിവരെ ഈ ഗേറ്റ് വഴി കടത്തിവിടുകയും ചെയ്തിരുന്നു. സെക്രട്ടറിയറ്റിന്റെ നോർത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നോർത്ത് ഗേറ്റിലൂടെ കയറിയാൽ വളരെ വേഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്താമെന്നതുകൊണ്ടുതന്നെ സുരക്ഷാ കാരണങ്ങളാൽ ഏറ്റവും തന്ത്രപ്രധാനമായ കവാടമാണിതെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ മുഖ്യമന്ത്രി സതീശൻ തുറന്നെന്ന് അവകാശപ്പെടുന്ന ഈ ഗേറ്റിലൂടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജീവനക്കാർക്കും മാത്രമേ പ്രവേശനമുള്ളു.











0 comments