സമരഗേറ്റ് തുറന്നത് 10 വർഷത്തിന് ശേഷമല്ല; യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് (സമര കവാടം) നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധം. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ഒട്ടും ആധികാരികതയില്ലാതെ, മാധ്യമങ്ങളെ മാത്രം ഉദ്ധരിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ കവാടം സ്ഥിരമായി അടച്ചിട്ടിരിക്കുകയായിരുന്നു എന്ന വാദത്തിൽ ഒരു സത്യാവസ്ഥയുമില്ലെന്ന് മാധ്യമങ്ങളുടെ മുൻകാല റിപ്പോർട്ടുകൾ തന്നെ വ്യക്തമാക്കുന്നു.
"സമര കവാടമെന്ന് വിളിപ്പേരുള്ളതാണ് സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് നോർത്ത് ഗേറ്റ് തുറന്നു. പത്ത് വർഷത്തിന് ശേഷമാണ് നോർത്ത് ഗേറ്റ് തുറക്കുന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്." എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പോസ്റ്റ്. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഭരണസിരാകേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കവാടങ്ങൾ തുറക്കുന്നതിനെക്കുറിച്ചും കൃത്യമായ ഔദ്യോഗിക വിവരങ്ങൾ അന്വേഷിക്കാതെ, മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം മുഖ്യമന്ത്രി അതേപടി ഏറ്റുപിടിക്കുകയായിരുന്നു.
എന്താണ് യാഥാർത്ഥ്യം:
2020-ൽ കോവിഡ് മഹാമാരിയുടെ സമയത്താണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ഗേറ്റ് അടച്ചത്. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ 2023-ൽ തന്നെ ഈ ഗേറ്റ് സാധാരണ നിലയിൽ തുറന്ന് പ്രവർത്തിച്ചിരുന്നു. ഇത് തെളിയിക്കുന്ന പഴയ മാധ്യമ വാർത്തകളുമുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ സമരങ്ങളോ ഉപരോധങ്ങളോ ഇല്ലാത്ത സാധാരണ ദിവസങ്ങളിൽ ഈ ഗേറ്റ് വഴി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്നുപോയിട്ടുണ്ട്. തിരുവനന്തപുരത്തുള്ള രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും നേരിട്ടറിയാവുന്ന കാര്യമാണിത്.
'പത്തു വർഷത്തിന് ശേഷം സമരഗേറ്റ് ഇന്ന് ആദ്യമായി തുറന്നു' എന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന പ്രധാന മാധ്യമങ്ങൾ തന്നെ 2023-ൽ ഈ ഗേറ്റ് തുറന്നപ്പോൾ വാർത്തകൾ നൽകിയിരുന്നു. 'സമര ഗേറ്റിന് ശാപമോക്ഷം' എന്ന രീതിയിൽ ഇതേ മാധ്യമങ്ങൾ മുൻപ് നൽകിയ വാർത്തകളുടെ ലിങ്കുകളും ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ തന്നെ തെളിവായി പുറത്തുവിടുന്നുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരങ്ങൾ നടക്കുന്ന സമയങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഘട്ടത്തിലും സുരക്ഷ മുൻനിർത്തി മാത്രമാണ് ഈ ഗേറ്റ് താൽക്കാലികമായി അടച്ചിട്ടുള്ളത്. അതല്ലാതെ കഴിഞ്ഞ പത്ത് വർഷമായി ഈ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു എന്ന വാദം തെറ്റാണ്.
അതേസമയം വസ്തുതാവിരുദ്ധമായ വാർത്തയാണിതെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിട്ടുണ്ട്. പുതിയ സർക്കാർ വന്നപ്പോൾ മുൻ സർക്കാരിന്റെ കാലത്ത് വലിയ നിയന്ത്രണങ്ങളായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ ചമച്ച വാർത്തയുടെ വസ്തുത അന്വേഷിക്കാതെയാണ് മുഖ്യമന്ത്രി പോസ്റ്റുമായെത്തിയത്. സ്വന്തം വാർത്താ ലൈബ്രറി പരിശോധിച്ചാൽ പോലും തങ്ങൾ മുൻപ് ചെയ്ത വാർത്തകൾക്ക് വിരുദ്ധമായാണ് ഇപ്പോൾ റിപ്പോർട്ട് നൽകുന്നതെന്ന് മാധ്യമങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
മുൻപ് ഗേറ്റ് തുറന്നതായി റിപ്പോർട്ട് ചെയ്ത സ്വന്തം വാർത്തകൾ നിലനിൽക്കെ, മാധ്യമങ്ങൾ ഇപ്പോൾ പത്ത് വർഷമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് ഒരേ സ്വരത്തിൽ വിളിച്ചുപറയുന്നതിന് പിന്നിലെ 'ഉറവിടം' ഏതാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന കമന്റുകൾ. ഏതെങ്കിലും ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്ന് കൃത്യമായ അജണ്ടയോടെ ചമച്ചുണ്ടാക്കി നൽകിയ വാർത്തയാണിതെന്നും, ഇതിന്റെ യഥാർത്ഥ സ്രോതസ്സ് എവിടെയാണെന്ന് അറിയാമെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറയുന്നു.











0 comments