കോളറ: ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചു

മങ്കൊമ്പ് : കോളറ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ പി ജി രഘു (48) ആണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിക്കുന്ന പരിശോധന ഫലം ഇന്ന് വരാനിരിക്കെയാണ് മരണം. ഗുരുതരാവസ്ഥയിലായിരുന്ന രഘു വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്. രഘുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മകൾ: ശിവ പാർവതി (ഒന്നാംവർഷ നേഴ്സിങ് വിദ്യാർത്ഥി ബാംഗ്ലൂർ).
കടുത്ത വയറിളക്കവും ഛർദിയുമായി 48കാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനയിൽ കോളറ ലക്ഷണം കാണിച്ചു. രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിച്ചിരുന്നില്ല. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയും നാരങ്ങ വെള്ളം കുടിക്കുകയും ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് വിശദമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് ചുറ്റുമുള്ള 40 വീടുകളിലെ കുടിവെള്ള സാമ്പിൾ പരിശോധിച്ചുവെങ്കിലും രോഗാണുസാന്നിധ്യം കണ്ടെത്തിയില്ല. ഡ്രൈവറായ ഇദ്ദേഹം ജില്ലയിലും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്നവർക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യ പ്രശ്നങ്ങളില്ല. രോഗി പോയിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. വീടിന് സമിപത്ത് ടാങ്കർലോറിയിൽ എത്തിച്ചിട്ടുള്ള ജലവും പരിശോധിക്കും. പ്രദേശത്ത് ബോധവത്കരണവും നടക്കുന്നു. ജില്ലയിൽ മൂന്ന് വർഷം മുമ്പ് കോളറ ബാധയുണ്ടായിരുന്നു.
കോളറ
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
പ്രതിരോധം
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒആര്‍എസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
● തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
● ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.
● ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക.
● ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകുക.
● പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
● മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.
● പരിസരം ശുചിയായി സൂക്ഷിക്കുക.
● വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക.
● ഒആര്‍എസ് ലായനി ഏറെ നല്ലത്.
● എത്രയും വേഗം ചികിത്സ തേടുക.










0 comments