ad
Deshabhimani

print edition സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയം; ഇന്നും നാളെയും തുടരും

sea plane

കൊച്ചിയിൽ നിന്നുള്ള സീ പ്ലെയിൻ പരീക്ഷണ പറക്കൽ

വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 1 min read

കൊച്ചി : നെടുമ്പാശേരിയിലെ വിമാനത്താവള റൺവേയിൽനിന്ന്‌ ചിറകുവിരിച്ച്‌ സമുദ്രപ്പരപ്പിലൂടെ ലക്ഷദ്വീപ്‌ തീരത്ത്‌ സുരക്ഷിതമായി പറന്നിറങ്ങി സ്‌കൈഹോപ്പ്‌ ഏവിയേഷന്റെ സീപ്ലെയിൻ. വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസ്‌ ലക്ഷദ്വീപിലേക്ക്‌ ആരംഭിക്കുന്നതിന്‌ മുന്നോടിയായുള്ള പരീക്ഷണപ്പറക്കലാണ്‌ അഗത്തി ദ്വീപിനരികെ വിജയകരമായി പൂർത്തിയായത്‌. അടുത്ത രണ്ടുദിവസങ്ങളിലും ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള പരീക്ഷണപ്പറക്കൽ തുടരും.


ബുധൻ രാവിലെ 9.30ന്‌ നെടുന്പാശേരി വിമാനത്താവള റൺവേയിലൂടെ ഓടിയാണ്‌ 20 പേർക്ക്‌ യാത്രചെയ്യാവുന്ന ട്വിൻ ഓട്ടർ സീപ്ലെയിൻ ലക്ഷദ്വീപ്‌ ലക്ഷ്യമാക്കി പറന്നുയർന്നത്‌. രണ്ടുമണിക്കൂർ സമയമെടുത്ത്‌ 11.30ന്‌ അഗത്തി ദ്വീപ്‌ തീരത്തെത്തി. അവിടെ നിരവധിപ്പേർ സീപ്ലെയിനിനെ വരവേറ്റു. തീരത്തോടുചേർന്ന്‌ പറന്ന്‌ കടൽപ്പരപ്പിലേക്ക്‌ വിമാനം ലാൻഡ്‌ ചെയ്‌തു. തുടർന്ന്‌ ഉച്ചയ്‌ക്ക്‌ 1.30 വരെ തീരത്തെ വാട്ടർ എയ്‌റോഡ്രോമിൽ സീപ്ലെയിൻ പരീക്ഷണപ്പറക്കൽ നടത്തി. മൂന്നിന്‌ അഗത്തിയിൽനിന്ന്‌ തിരികെപ്പറന്ന വിമാനം 4.45ന്‌ നെടുമ്പാശേരിയിലെത്തി.


sea planeകൊച്ചിയിൽ നിന്നുള്ള സീ പ്ലെയിൻ പരീക്ഷണ പറക്കലിന്റെ ഭാഗമായി ലക്ഷദ്വീപിൽ ലാൻഡ് ചെയ്യുന്നു


വ്യാഴാഴ്‌ച കൊച്ചിയിൽനിന്ന്‌ കൽപ്പേനി, അഗത്തി, കവരത്തി ദ്വീപുകളിലേക്കും വെള്ളിയാഴ്‌ച അഗത്തി, കടമത്ത്, കിൽത്താൻ ദ്വീപുകളിലേക്കും പരീക്ഷണപ്പറക്കൽ നടത്തും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചുള്ള സീപ്ലെയിൻ സർവീസിന്‌ സിയാലാണ്‌ സ‍ൗകര്യങ്ങളൊരുക്കുന്നത്‌. പരീക്ഷണപ്പറക്കലുകൾ വിജയകരമായി പൂർത്തിയാകുന്നതോടെ കൊച്ചി വിമാനത്താവളത്തിൽനിന്ന്‌ ലക്ഷദ്വീപിലേക്ക്‌ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസിന്‌ തുടക്കമാകും. ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം, അടിയന്തര വൈദ്യസഹായം, സാമ്പത്തിക പുരോഗതി എന്നിവയാണ്‌ സീപ്ലെയിൻ സർവീസ്‌ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home