ad
Deshabhimani

ടെലിഗ്രാം വിലക്ക്: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

delhi high court
വെബ് ഡെസ്ക്

Published on Jun 18, 2026, 07:24 AM | 1 min read

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം ആപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്.


ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷ പ്രമാണിച്ച് ജൂൺ 16 മുതൽ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം ആപ്പിന്റെ സേവനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്താനും, മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ റദ്ദാക്കാനുമായിരുന്നു നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ശുപാർശപ്രകാരം കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. ഈ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ടെലിഗ്രാം കോടതിയിൽ വാദിച്ചു. ഇന്ത്യയിലെ 15 കോടിയിലധികം ഉപഭോക്താക്കളെയും ബിസിനസ്സുകളെയും വിലക്ക് ബാധിക്കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ടെലിഗ്രാം ചൂണ്ടിക്കാട്ടി. തെറ്റായ രീതിയിൽ പ്രവർത്തിച്ച ചാനലുകൾക്കെതിരെ പ്ലാറ്റ്‌ഫോം മുൻകൈയെടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.


എന്നാൽ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാർ നടപടിയെ ന്യായീകരിച്ചു. ടെലിഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഒരു ചാനൽ നിരോധിക്കുമ്പോൾ ക്യുആർ കോഡ് വഴി പണമിടപാട് നടത്തി അടുത്ത ചാനൽ തുടങ്ങുന്ന അവസ്ഥയാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. വിഷയത്തിൽ ഞെട്ടിക്കുന്ന ചില വിവരങ്ങൾ വ്യാഴാഴ്ച കോടതിയിൽ വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home