ad
Deshabhimani

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വൻ വർധന

വെബ് ഡെസ്ക്

Published on Jun 18, 2026, 07:49 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല രോഗവ്യാപനം വർധിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഷിഗെല്ല കേസുകളിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ജൂൺ 17 വരെ 167 ഷിഗെല്ല കേസുകളും അഞ്ച് മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.


2020ൽ വെറും 12 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ജൂണിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം 4 മരണങ്ങൾ സംഭവിച്ചത് സ്ഥിതിവിശേഷത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സംസ്ഥാനത്തെ ജലാശയങ്ങളുടെ മലിനീകരണവും ചില തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണത്തിലെ പാളിച്ചകളുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.


മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയ, പ്രധാനമായും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് ബാധിക്കുന്നത്. പനി, വയറുവേദന, രക്തത്തോടുകൂടിയ വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയും ശുദ്ധജല സ്രോതസ്സുകളിലെ മലിനീകരണവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.


പൊതുജനാരോഗ്യം, ശുചിത്വം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം എന്നിവ ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ഊർജ്ജിതമായി ഇടപെടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ വഴി മാത്രമേ രോഗവ്യാപനം തടയാനാകൂ.


രോഗത്തിന്റെ ഉറവിടമായ ജലമലിനീകരണം തടയാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുക എന്നിവയിലൂടെ മാത്രമേ ഷിഗെല്ലയെ പൂർണ്ണമായി പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home