അൻസിബയ്‌ക്കെതിരെ 'അമ്മ'യുടെ അച്ചടക്കനടപടി; ഭരണസമിതിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് താരം

ഫയൽ ചിത്രം
കൊച്ചി: 'അമ്മ' സംഘടനയ്ക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകളെയും ആഭ്യന്തര തർക്കങ്ങളെയും പരസ്യമായി ചോദ്യം ചെയ്ത നടി അൻസിബ ഹസ്സനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രതികരിച്ചെന്ന് ആരോപിച്ച് അൻസിബ, ലക്ഷ്മിപ്രിയ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ നോട്ടീസ് വകവെക്കാതെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന അൻസിബയെ പുറത്താക്കാനാണ് ഒടുവിൽ സംഘടനയുടെ നീക്കം. ഈ മാസം 29-ന് ജനറൽ ബോഡി യോഗം ചേരുന്നതിന് തൊട്ടുമുമ്പ് നടപടി പരസ്യമാക്കുമെന്നാണ് സൂചന. എന്നാൽ 'അമ്മ'യുടെ നോട്ടീസുമായി സഹകരിക്കില്ലെന്നും അന്യായമായ നടപടികൾ സ്വീകരിക്കുന്ന ഭരണസമിതിക്ക് മുന്നിൽ വിശദീകരണം നൽകേണ്ടതില്ലെന്നുമാണ് അൻസിബയുടെ നിലപാട്. താൻ സംഘടനയ്ക്കുള്ളിൽ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് അച്ചടക്കത്തിന്റെ പേരിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു.
അതേസമയം, സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്. നടൻ ടിനി ടോമിനെതിരായ പരാതിയിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അൻസിബ. തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്ത ടിനി ടോമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് നടി ഹർജി നൽകുന്നത്.









0 comments