ഗുരു രൺധാവയുടെ ജിമ്മിന് മുന്നിലെ വെടിവെപ്പ്: ലോറൻസ് ബിഷ്‌ണോയ് ഗ്യാങിലെ 2 പേർ പിടിയിൽ

ഗുരു രൺധാവ, ലോറൻസ് ബിഷ്‌ണോയ്
ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി ഗായകൻ ഗുരു രൺധാവയുടെ ജിമ്മിന് മുന്നിൽ വെടിവെപ്പ് നടത്തിയ കേസിലെ പ്രതികളായ രണ്ട് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് അംഗങ്ങൾ അറസ്റ്റിൽ. ഹരിയാന സോണിപത് സ്വദേശികളായ അർമാൻ (19), തുഷാർ (21) എന്നിവരെയാണ് ബഹദൂർഗഡിൽ നിന്ന് പൊലീസ് പിടികൂടിയത്. നിലവിൽ അമേരിക്കയിൽ ഇരുന്ന് അധോലോക പ്രവർത്തനം നടത്തുന്ന ബിഷ്‌ണോയ് സംഘാംഗം അനിൽ പണ്ഡിറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാളായ തുഷാർ റഷ്യയിൽ നിന്ന് പഠന വിസ കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
ജൂൺ 11-ന് പുലർച്ചെ നാല് മണിയോടെ ഡൽഹി പശ്ചിം വിഹാറിലെ ഔട്ടർ റിംഗ് റോഡിലുള്ള ജിമ്മിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ജിമ്മിന് നേരെ വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. അക്രമത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് ഏഴ് വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തിരുന്നു. പശ്ചിം വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഓർഗനൈസ്ഡ് ക്രൈം സംഘമായ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ ബിഷ്‌ണോയ് സംഘാംഗം അനിൽ പണ്ഡിറ്റ് സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ഗുരു രൺധാവയുടെ അടുത്ത സൗഹൃദമാണ് ആക്രമണത്തിന് കാരണമെന്നാണ് ഇയാൾ പോസ്റ്റിൽ അവകാശപ്പെട്ടത്. ലോറൻസ് ബിഷ്‌ണോയ് സംഘം സൽമാൻ ഖാനെ തങ്ങളുടെ പ്രധാന ശത്രുവായിട്ടാണ് കാണുന്നത്.
പ്രതികൾ രക്ഷപ്പെട്ട വഴിയിലെ നൂറിലധികം കിലോമീറ്റർ ദൂരത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ സഹിൽ, സാഗർ, അർമാൻ, തുഷാർ എന്നീ നാല് പേരെയാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അർമാൻ, തുഷാർ എന്നിവർ പിടിയിലായതായും മറ്റ് രണ്ട് പ്രതികളായ സഹിൽ, സാഗർ എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. ആയുധങ്ങൾ കണ്ടെത്താനായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.









0 comments