ആവശ്യം ധർമേന്ദ്ര പ്രധാന്റെ രാജി; ജൂൺ 20ന് ജന്തർ മന്ദറിൽ വീണ്ടും സിജെപി പ്രതിഷേധം

ഫയൽ ചിത്രം
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിക്കൂട്ടിലായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20-ന് ഡൽഹി ജന്തർ മന്ദറിൽ വീണ്ടും വൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് സമാധാനപരമായ ധർണയ്ക്കായി ഡൽഹി പൊലീസിന്റെ അനുമതി തേടിയിട്ടുണ്ട്.
പ്രക്ഷോഭത്തിന് പൊലീസ് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലച്ച കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പ്രക്ഷോഭത്തിന്റെ വിശദാംശങ്ങളും വോളന്റിയർമാരുടെ പട്ടികയും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
തികച്ചും സമാധാനപരമായ രീതിയിലായിരിക്കും ജന്തർ മന്തറിലെ ധർണയെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും പ്രക്ഷോഭത്തിൽ അണിനിരക്കും. ഇതിന് മുന്നോടിയായി 'ചലോ ഡൽഹി' ആഹ്വാനവും സിജെപി പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജയ്‌പൂരിൽ വെച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ബിജെപി ഗുണ്ടകൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തരം ഫാസിസ്റ്റ് ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും യുവാക്കളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി. അമൃത്സർ, പൂനെ, ബംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഡൽഹിയിലെ രണ്ടാം ഘട്ട സമരം.









0 comments