ad
Deshabhimani

നീറ്റ് പുനഃപരീക്ഷ; തമിഴ്നാട്ടിൽ 19-കാരി ജീവനൊടുക്കി

neet tn
വെബ് ഡെസ്ക്

Published on Jun 18, 2026, 07:00 AM | 1 min read

കോയമ്പത്തൂർ: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന 19 വയസ്സുകാരി ജീവനൊടുക്കി. അനു കീർത്തന എന്ന വിദ്യാർഥിനിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്.


മുൻപ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ അനു കീർത്തന, മൂന്നാം തവണയും പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അടുത്തിടെയുണ്ടായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ബാധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സമ്മർദമാണ് വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ തമിഴ്‌നാടിനെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതോടെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ നിന്ന് സംസ്ഥാനത്തിന് ഒഴിവാക്കൽ വേണമെന്ന ദീർഘകാല ആവശ്യവും വീണ്ടും ചർച്ചയായിട്ടുണ്ട്. നീറ്റ് പരീക്ഷ രാജ്യത്ത് നടപ്പിലാക്കിയത് മുതൽ തമിഴ്‌നാട് ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. വൻ തുക നൽകി സ്വകാര്യ കോച്ചിങ് സെന്ററുകളിൽ പഠിക്കാൻ ശേഷിയുള്ള സമ്പന്നരായ വിദ്യാർഥികൾക്ക് മാത്രമാണ് നീറ്റ് പരീക്ഷ ഗുണം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ മികച്ച മാർക്ക് വാങ്ങിയാലും, ഗ്രാമീണ മേഖലകളിലെയും ദരിദ്ര കുടുംബങ്ങളിലെയും വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ വലിയ തിരിച്ചടിയാകുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാർ വാദിക്കുന്നു.


നീറ്റ് പരീക്ഷ വരുന്നതിന് മുൻപുള്ള ഒരു പതിറ്റാണ്ടുകാലം പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനം നൽകിയിരുന്നത്. ഈ രീതി സർക്കാർ സ്കൂളുകളിലെയും ഗ്രാമങ്ങളിലെയും കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരം വർദ്ധിപ്പിച്ചിരുന്നതായി വിദ​ഗ്ദർ ചൂണ്ടിക്കാണിക്കുന്നു. നീറ്റിൽ നിന്ന് ഒഴിവാക്കൽ ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ ബിൽ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. നീറ്റ് പരീക്ഷ നിലവിൽ വന്നതിനുശേഷം തമിഴ്‌നാട്ടിൽ ഇരുപതിലധികം വിദ്യാർഥികളാണ് കടുത്ത മാനസിക സമ്മർദ്ദം മൂലം ജീവനൊടുക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home