ഭാര്യയുടെ എല്ലാ ചലനവും അറിയാന്‍ വീട്ടിൽ സിസിടിവി; യുവതി ജീവനൊടുക്കി

അംബർനാഥ്: മുംബൈയ്ക്ക് സമീപം അംബർനാഥിൽ ഡോക്ടറായ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസിക, ശാരീരിക പീഡനങ്ങളെത്തുടർന്ന് 26-കാരി ജീവനൊടുക്കി. വിശാഖ തിൽക്കർ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങൾ പിന്നിടുംമുമ്പേ വിശാഖ ജീവിതം ആവസാനിപ്പിച്ചു. വിവാഹത്തിന് മുൻപ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞയുടൻ ഭർതൃവീട്ടുകാരുടെ പെരുമാറ്റം മാറിയതായും വിശാഖയുടെ കുടുംബം ആരോപിക്കുന്നു. വിവാഹത്തിന് തങ്ങൾ പ്രതീക്ഷിച്ച അത്രയും സ്ത്രീധനവും സമ്മാനങ്ങളും ബഹുമാനവും ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു പീഡനം. സ്വന്തം വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും വാങ്ങിക്കൊണ്ടുവരാൻ ഭർതൃവീട്ടുകാർ വിശാഖയെ നിരന്തരം നിർബന്ധിച്ചിരുന്നു.
വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ഭർത്താവ് നിതിൻ തിൽക്കർ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. യുവതിയുടെ സ്വകാര്യത പൂർണ്ണമായും നഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു ഇത്. വീട്ടിലെ ക്യാമറയിലൂടെ നിരീക്ഷിച്ച് വിശാഖ ആരോടെങ്കിലും സംസാരിച്ചതായി കണ്ടാൽ, ഭർത്താവ് വീട്ടിലെത്തി ക്രൂരമായി മർദ്ദിക്കുമായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് അയൽപക്കത്തെ സ്ത്രീയോട് സംസാരിച്ചതിനും വിശാഖയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു.
താൻ അനുഭവിക്കുന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് വിശാഖ അമ്മയോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മാതാപിതാക്കൾ വിശാഖയെ സ്വന്തം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവരാൻ തയാറെടുക്കുന്നതിനിടെയാണ് യുവതി വീട്ടിൽ തൂങ്ങിമരിച്ച വാർത്ത അറിയുന്നത്.
സംഭവത്തിൽ അംബർനാഥിലെ ശിവാജിനഗർ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് നിതിൻ തിൽക്കർ, ഇയാളുടെ അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.









0 comments