print edition ചിറകുവിരിച്ച് കേരളത്തിന്റെ സീ പ്ലെയിൻ ; 48 റൂട്ടുകൾക്ക് അനുമതി

തിരുവനന്തപുരം
കേരളത്തിന്റെ വികസന സ്വപ്നത്തെ വാനോളമുയർത്തുന്ന സീ പ്ലെയിൻ പദ്ധതിക്കായി ഏവിയേഷൻ വകുപ്പ് 48 റൂട്ടുകൾക്ക് അനുമതി നൽകിയതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അഹമ്മദാബാദ് ആസ്ഥാനമായ ഇന്ത്യ ഒൺ എയർ, മാരിടൈം എനർജി ഹെലി എയർ സർവീസസ്, സ്പൈസ് ജെറ്റ് എയർലൈൻസുകൾക്കാണ് റൂട്ടുകൾ അനുവദിച്ചത്. സീ പ്ലെയിൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടച്ചയായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് അനുമതി ലഭിച്ചത്.
കഴിഞ്ഞവർഷം കൊച്ചിയിൽനിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. സീ പ്ലെയിൻ പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പദ്ധതിക്കായി തുടർനടപടി പുരോഗമിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിലുൾപ്പെടുന്ന പദ്ധതിയാണിത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ വാട്ടർ എയറോഡ്രോമുകളുമായി ബന്ധിപ്പിക്കും. കൂടുതൽ വിനോദസഞ്ചാരികളെ ഇത് ആകർഷിക്കുകയും പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ടൂറിസം സാധ്യതകൾ പരിശോധിച്ചാണ് സംസ്ഥാനത്ത് വിവിധ റൂട്ടുകൾ അനുവദിക്കുന്നത്. ഭാവിയിൽ കൂടുതൽ സർവീസ് അനുവധിക്കും. സർവീസ് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഡി ഹാവില്ലൻഡ് കാനഡ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല നിരീക്ഷണം നടത്തിയിരുന്നു. സാധ്യതാ സർവെ, ഹൈഡ്രോഗ്രാഫിക് സർവെ എന്നിവ പൂർത്തിയാക്കി.
എന്താണ് സീ പ്ലെയിൻ
വെള്ളത്തിലൂടെ നീങ്ങി പറന്നുയർന്ന് വെള്ളത്തിൽത്തന്നെ ലാൻഡ് ചെയ്യാനാകുന്ന ചെറുവിമാനങ്ങളാണ് സീ പ്ലെയിൻ. 10 മുതൽ 25 വരെ സീറ്റുകളുണ്ടാകും. 30 സീറ്റുള്ളവയുമുണ്ട്. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് സീറ്റ് വ്യത്യാസപ്പെടും. ആറടി ആഴമുള്ള ജലാശയത്തിൽപ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്‌ക്കുപുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളിൽ വാട്ടർഎയറോഡ്രോമുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നു.










0 comments