ആഴക്കടൽ മണൽ ഖനനം ; കവർന്നെടുക്കാൻ കേന്ദ്രം , പ്രതിരോധമുയർത്തി കേരളം

തിരുവനന്തപുരം : ആഴക്കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രനീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ഉയർത്തുന്നത് കടുത്ത പ്രതിരോധം. ഒരുമിച്ച് നിൽക്കേണ്ട വിഷയത്തിൽ പുകമറ സൃഷ്‌ടിച്ച് രാഷ്‌ട്രീയലാഭം മാത്രമാണ് കോൺഗ്രസ് ലക്ഷ്യം. ദി ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷൻ) ചട്ടത്തിന്റെ (ഒഎഎംഡിആർ) ഭേദഗതിയിൽ സംസ്ഥാന സർക്കാർ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. 2023 മാർച്ച് 11നാണ് മത്സ്യ –തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ഖനന മന്ത്രാലയം ഡയറക്‌ടർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയത്.
കടലിൽ ധാതുഖനനം അനുവദിച്ചാൽ രാജ്യത്തെ സമുദ്ര മത്സ്യബന്ധനം പൂർണ്ണമായും തകരുമെന്ന് കത്തിൽ വ്യക്‌തമാക്കി. ഭരണഘടന പ്രകാരം മത്സ്യബന്ധനം സംസ്ഥാന വിഷയമാണ്. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള മത്സ്യബന്ധനം മാത്രമാണ് യൂണിയൻ ലിസ്റ്റിലുള്ളത്. അതുകൊണ്ട് കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതു സംബന്ധിച്ച നടപടികൾ അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
2025 ജനുവരി 11ന് കേന്ദ്രമൈനിങ് വകുപ്പ് കൊച്ചിയിൽ നടത്തിയ റോഡ് ഷോയിൽ സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഈ വിഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ നയപരമായ നിലപാടും ആശങ്കയും അറിയിക്കുകയും ഖനനത്തിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക, സാമൂഹിക പ്രശ്‌നങ്ങൾ വിശദീകരിക്കുകയും ചെയ്‌തു. കേന്ദ്ര ഖനന മന്ത്രാലയം സെക്രട്ടറിയോട് സംസ്ഥാന സർക്കാരിന്റെ എതിർപ്പും ബോധ്യപ്പെടുത്തി. തുടർന്ന് ജനുവരി 19ന് ഭുവനേശ്വറിൽ നടന്ന സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡിൽ വിഷയം ചർച്ചയായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയോട് ആഴക്കടൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
മുൻപ് തീരദേശത്തെ കരിമണൽ ഖനനം സ്വകാര്യ മേഖലയ്‌ക്ക് നൽകുന്ന തരത്തിൽ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷൻ) നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കം സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. കൊല്ലത്തെ തീരക്കടൽ കേന്ദ്രീകരിച്ച് ഖനനം നടത്താനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു.

കടൽമണൽ ഖനനത്തിലെ കോൺഗ്രസ് സമരം ; ലക്ഷ്യം കേന്ദ്രത്തെ വെള്ളപൂശൽ
ആഴക്കടൽ മണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരംനടത്തി കേന്ദ്രത്തെ വെള്ളപൂശാൻ കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ കടലിൽ ചാട്ടം. മത്സ്യബന്ധനമേഖലയിൽ പതിനഞ്ച് ലക്ഷം പേരെയും മത്സ്യസമ്പത്തിനെയും തീരസുരക്ഷയെയും നേരിട്ട് ബാധിക്കുന്നതാണ് കേന്ദ്രം കൊണ്ടുവരുന്ന പദ്ധതി. ഇതിനെ ഒന്നിച്ചുനിന്ന് എതിർക്കേണ്ടതിനു പകരം കടൽക്കൊള്ളയ്‌ക്ക് കൂട്ട് നിൽക്കുകയാണ് കോൺഗ്രസ്. ഒന്നിച്ചുള്ള സമരത്തിൽ നിന്ന് പിൻവലിഞ്ഞത് പ്രതിഷേധത്തിന്റെ ശക്തികുറച്ച് കേന്ദ്രത്തെ സഹായിക്കാനാണ്. തീരപ്രദേശത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് എൽഡിഎഫാണ്. മത്സ്യത്തൊഴിലാളികൾക്കിടയിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി ഈ വോട്ട് കീശയിലാക്കാനാകുമോ എന്ന കായംകലക്കലും പിന്നിലുണ്ട്. പ്രക്ഷോഭരംഗത്തുള്ള കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയിൽ ബിജെപി അനുകൂല സംഘടന ഒഴികെ മത്സ്യബന്ധന മേഖലയിലെ 16 തൊഴിലാളിസംഘടനകളുണ്ട്. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനാണ് ചെയർമാൻ. മത്സ്യത്തൊഴിലാളി കോൺഗ്രസ് പോലും ഉന്നയിക്കാത്ത ആരോപണമാണ് ഇപ്പോൾ കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
17ന് കൊല്ലത്ത് വച്ചു കോഓർഡിനേഷൻ കമ്മിറ്റി നടത്തിയ സംസ്ഥാനതല സമരപ്രഖ്യാപന കൺവൻഷനിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളെ പ്രശംസിച്ചത് യുഡിഎഫ് നേതാക്കളാണ്. പരിപാടിയിൽ സംസാരിച്ച ടി എൻ പ്രതാപനും എൻ കെ പ്രേമചന്ദ്രൻ എംപിയും വിഷയത്തിൽ യോജിച്ച പോരാട്ടം വേണമെന്നു പ്രസംഗിച്ചിരുന്നു. എന്നിട്ടാണ് ദിവസങ്ങൾക്കുള്ളിൽ ഈ കരണംമറിച്ചിൽ.
രാജ്ഭവനുമുന്നിൽ 28 മുതൽ രാപകൽ സത്യഗ്രഹം
കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ രാപകൽ സത്യഗ്രഹസമരം സംഘടിപ്പിക്കും. 28ന് രാവിലെ 10 മുതൽ മാർച്ച് ഒന്നിന് രാവിലെ 10 വരെയാണ് സമരം. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും. കൂട്ടായി ബഷീർ അധ്യക്ഷനാകും.
കേരളത്തിന്റെ കടലിൽനിന്ന് 745 ദശലക്ഷം ടൺ കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്‌ത തീരദേശ ഹർത്താൽ വിജയിപ്പിക്കണം. യോജിച്ച സമരത്തിന് യുഡിഎഫിനെ ക്ഷണിച്ചിട്ടുണ്ട്. ഇരുമുന്നണിയും ഒന്നിച്ചിറങ്ങിയാൽ തീരുമാനം റദ്ദാക്കാൻ കേന്ദ്രം നിർബന്ധിതമാകും. യോജിച്ച പോരാട്ടം വളർത്തിയെടുത്ത് വിജയം കാണുംവരെ സിഐടിയു മുന്നോട്ടു പോകുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഫെഡറേഷൻ നേതാക്കളായ ആർ ജെറാൾഡ്, ക്ലൈനസ് റൊസാരിയോ, ആന്റോ സുരേഷ് എന്നിവരും പങ്കെടുത്തു.










0 comments