ad
Deshabhimani

ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്ക്; കേരള സയൻസ് കോൺഗ്രസ് 30മുതൽ; ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി

kerala science congress
വെബ് ഡെസ്ക്

Published on Jan 23, 2026, 04:30 PM | 2 min read

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ എസ് സി എസ് ടി ഇ ) നേതൃത്വത്തിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ എറണാകുളം സെന്റ് ആൽബർട്സ് കോളേജിലാണ് സയൻസ് കോൺഗ്രസ് ഒരുക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.


കാർഷികഭക്ഷ്യ ശാസ്ത്രം, ബയോടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം, എൻജിനീയറിങ്ങും സാങ്കേതികവിദ്യയും, മത്സ്യബന്ധന-മൃഗസംരക്ഷണ ശാസ്ത്രം, ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്വം എന്നിവ ഉൾപ്പെടെ 13 വിഷയമേഖലകളിലായുള്ള സാങ്കേതിക സെഷനുകൾ നടക്കും.


ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര പ്രദർശനവും സംഘടിപ്പിക്കും. ജനുവരി 30 മുതൽ ഫെബ്രുവരി രണ്ടുവരെ എറണാകുളം സെന്റ് ആൽബർട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 165സ്ഥാപനങ്ങളും സംഘടനകളും പങ്കെടുക്കും. ദേശീയ ഗവേഷണ സ്ഥാപനങ്ങൾ, സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ വകുപ്പുകൾ, എൻജിഒ കൾ, ഇൻക്യുബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ, വിവിധ സംസ്ഥാന ശാസ്ത്ര കൗൺസിലുകൾ എന്നിവയുടെ വിപുലമായ പങ്കാളിത്തം പ്രദർശനത്തിന്റെ പ്രത്യേകതയായിരിക്കും. സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കണോമി, കാലാവസ്ഥാ മാറ്റം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലെ നവീന ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പരിചയപ്പെടാൻ ദേശീയ ശാസ്ത്ര പ്രദർശനം വേദിയാകും.


പിജി വിദ്യാർത്ഥികളുമായുള്ള സംവേദന സെഷനുകൾ, വാക്ക് വിത്ത് ദ സയന്റിസ്റ്റ്, പ്രാദേശിക പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര സാങ്കേതിക കൗൺസിലുകൾ പങ്കെടുക്കുന്ന നാഷണൽ സയൻസ് മീറ്റ് തുടങ്ങിയ പ്രത്യേക പരിപാടികളും കോൺഗ്രസിന്റെ ഭാഗമായിരിക്കും. സയൻസ് കോൺഗ്രസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ മെമ്മോറിയൽ ലക്ചർ പരമ്പര ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഡോ. ജി എൻ രാമചന്ദ്രൻ, ഡോ. പി കെ ഗോപാലകൃഷ്‌ണൻ, ഡോ. പി.കെ. അയ്യങ്കർ, ഡോ. പി.ആർ. പിഷാരടി, ഡോ. ഇ.കെ. ജാനകി അമ്മാൾ, പ്രൊഫ. താനു പത്മനാഭൻ, പ്രൊഫ. എം എസ് സ്വാമിനാഥൻ, ഡോ.എം എസ്. വല്ല്യത്താൻ, പി ടി ഭാസ്‌കര പണിക്കർ എന്നിങ്ങനെ ഇന്ത്യൻ ശാസ്ത്രരംഗത്തെ സമ്പന്നമാക്കിയ മഹത്തായ വ്യക്തിത്വങ്ങളെ ശാസ്ത്രജ്ഞർ അനുസ്മരിക്കും.


സയൻസ് കോൺഗ്രസിന്റെ ഫോകൽ തീമായ ഓഷ്യൻ സയൻസ് ഫോർ ബ്ലൂ എക്കണോമി ആൻ്റ് എക്കോ സിസ്റ്റം റീസ്റ്റോറേഷൻ ആസ്പദമാക്കി ഭൂവിജ്ഞാന മന്ത്രാലയ സെക്രട്ടറി ഡോ. എം രവിചന്ദ്രൻ, കേരള ഫീഷറീസ്-സമുദ്രപഠന സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എ ബിജുകുമാർ എന്നിവരുടെ പ്രത്യേക പ്രഭാഷണങ്ങളും നടക്കും.


ഉദ്ഘാടന സമ്മേളനത്തിൽ കേരള ശാസ്ത്ര പുരസ്‌കാരം, കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം, മികച്ച ശാസ്ത്രജ്ഞ പുരസ്‌കാരം, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സയൻസ് കോൺഗ്രസ് ചെയർപേഴ്‌സണും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടറും നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സീനിയർ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ.പി ബലറാം, ഐഎസ്ആർഒ ചെയർമാനും ഡയറക്ടറുമായ ഡോ.വി നാരായണൻ ഉൾപ്പെടെ നിരവധി പ്രമുഖ ശാസ്ത്രജ്ഞരും നയരൂപകർത്താക്കളും ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായ വിദഗ്ധർ എന്നിവരടക്കം രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home