പൊലീസില്‍ പരാതിപ്പെട്ടതിന് 11 വയസുകാരിയെ തലയ്ക്കടിച്ചയാൾക്ക് 13 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: സ്കൂളില്‍ പോകുന്ന സമയം മകളോട് മോശമായി പെരുമാറിയതിനെതിരെ അമ്മ പൊലീസില്‍ പരാതിപ്പെട്ടതിലുള്ള വിരോധത്തിൽ പതിനൊന്ന് വയസ്സുകാരിയെ തടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്. തിരുവനന്തപുരം ചെമ്മരുതി വില്ലേജില്‍ മുത്താനദേശത്ത് മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെ (43)യാണ് തിരുവനന്തപുരം അഡീ ഷണല്‍ ജില്ലാ ജഡ്ജി എം പി ഷിബു ശിക്ഷിച്ചത്. 40,000 രൂപ പിഴയും പ്രതി അടയ്ക്കണം.
2011 ജൂൺ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍മക്കള്‍ സ്കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കവയ്യാതെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിക്ക് താക്കീതു നല്‍കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിയ്ക്കും പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.
പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടറായിരുന്ന വി സൈജുനാഥ് അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി. സി. എന്നിവര്‍ ഹാജരായി.










0 comments