വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്

വിദ്യാർഥിയെ കടിച്ച നായ
കഴക്കൂട്ടം: വളർത്തു നായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മൺവിള സ്വദേശിയുമായ അന്ന മരിയ (17)യ്ക്കാണ് കടിയേറ്റത്. വിദ്യാർഥിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ഒപ്പം പഠിക്കുന്ന കുട്ടിയുടെ വീട്ടിൽ ഭക്ഷണം കഴിക്കുവാനായി നാല് വിദ്യാർഥികൾ ബാബുജി നഗറിലൂടെ നടന്ന് പോകവേയാണ് രണ്ടു നായ്ക്കൾ ഓടിവന്നത്. ഇതു കണ്ട് വിദ്യാർഥികൾ കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് ഓടിക്കയറി. അന്ന മരിയയുടെ ബാഗിൽ നായ്കൾ ചാടിപ്പിടിച്ചതോടെ നിലത്തു വീണ വിദ്യാർഥിയെ നായ്ക്കൾ കാലിലും തുടയിലും കടിച്ചു മുറിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാർഥിനി ബാഗ് കൊണ്ട് നായ്ക്കളെ അടിച്ചെങ്കിലും കൂടുതൽ ശൗര്യത്തോടെ അന്ന മരിയയെ ആക്രമിച്ചു. അന്നമരിയ നായയുടെ വായയിൽ പിടി കൂടിയതിനാൾ മുഖത്ത് കടിക്കാൻ ആയില്ല.
ബഹളംകേട്ട് കമ്പിയും വടിയും ആയി എത്തിയ നാട്ടുകാരാണ് നായ്ക്കളെ തുരത്തി വിദ്യാർഥിനിയെ രക്ഷിച്ചത്. വിദേശത്ത് സൈന്യത്തിലും മറ്റും പരിശീലനം കൊടുക്കുന്ന അപകടകാരികളായ ബൽജിയൻ മലിനോയിസ് ഇനത്തിലുള്ള നായ്ക്കളാണ് കടിച്ചത്. ബാബുജി നഗർ സ്വദേശി കബീർ വളർത്തുന്ന നായ്ക്കൾ ആണ്. വീടിൻ്റെ ഗേറ്റ് തുറന്ന സമയം പുറത്തുചാടിയതാണ് ആൺ-പെൺ ഇനത്തിൽ പെട്ട നായ്ക്കൾ.
അലക്ഷ്യമായി നായെ തുറന്ന് വിട്ടതിന് ശ്രീകാര്യം പൊലീസിൽ അന്ന മരിയയുടെ പിതാവ് പരാതി നൽകി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.











0 comments