സ്കൂളുകളിൽ യൂണിഫോം എത്തിയില്ല; അലങ്കോലമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്കൂളുകളിൽ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമുകളും വിതരണം ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം.
മികച്ച മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കഴിഞ്ഞ കാലങ്ങളിൽ മാതൃകയായിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ, ഭരണമാറ്റത്തിന് പിന്നാലെയുണ്ടായ കെടുകാര്യസ്ഥത മൂലം പാടെ അലങ്കോലപ്പെട്ട അവസ്ഥയിലാണ്.
ടെക്സ്റ്റ് ബുക്കുകളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയായെങ്കിലും തദ്ദേശീയമായ വിതരണ ശൃംഖല പൂർണ്ണമായും സ്തംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
യുപി വിഭാഗങ്ങളിൽ ഉൾപ്പെടെ പല സ്കൂളുകളിലും ക്ലാസുകൾ ആരംഭിച്ചിട്ടും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ മുഴുവനായി ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനങ്ങളിലും സ്വീകരണ ചടങ്ങുകളിലും സജീവമാണെങ്കിലും വകുപ്പുതല അവലോകനങ്ങളോ ഉദ്യോഗസ്ഥർക്കുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഫയൽ നീക്കങ്ങളും ഏകോപനവും പാതിവഴിയിലായതോടെ സ്കൂളുകളുടെ ദൈനംദിന പ്രവർത്തനം തന്നെ വഴിമുട്ടിയ നിലയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുഖ്യമന്ത്രിയെയും പുതിയ മന്ത്രിസഭയെയും തീരുമാനിക്കുന്നതിലുണ്ടായ കാലതാമസം വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന തീരുമാനങ്ങളെ ബാധിച്ചിരുന്നു.
ഇത് മുൻപ് എസ്എസ്എൽസി ഫലപ്രഖ്യാപനത്തെയും ബാധിച്ചിരുന്നു. ഇതിന് പുറമെ, സ്കൂളുകൾ തുറക്കുന്നതിന് മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഇത്തവണ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചുകാലമായി വിപ്ലവകരമായ പുരോഗതി കൈവരിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ തുടർച്ചയെ നിലവിലെ അനാസ്ഥ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.









0 comments