ad
Deshabhimani

മഴയെടുത്തത്‌ 
സ്‌കൂളുകളുടെ ഒരാഴ്‌ച ; വയനാട്‌, കാസർകോട്‌ ജില്ലകളിൽ ഏഴു ദിവസവും കണ്ണൂരിൽ ആറു ദിവസവും

school holidays due to heavy rain fall in kerala
avatar
ബിജോ ടോമി

Published on Aug 04, 2025, 01:12 AM | 1 min read


തിരുവനന്തപുരം

ഈ അധ്യയന വർഷം കനത്ത മഴയെത്തുടർന്ന്‌ സ്‌കൂളുകൾക്ക്‌ അവധി നൽകേണ്ടി വന്നത്‌ ഏഴു ദിവസം വരെ. വയനാട്‌, കാസർകോട്‌ ജില്ലകളിൽ ഏഴു ദിവസവും കണ്ണൂർ ജില്ലയിൽ ആറു ദിവസവും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ ആകെ 42 പ്രവൃത്തി ദിനങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ജൂലൈ 26 ശനി പുതിയ അക്കാദമിക്‌ കലണ്ടർ അനുസരിച്ച്‌ പ്രവൃത്തി ദിനമായിരുന്നതിനാൽ ഹൈസ്‌കൂൾ വിഭാഗത്തിന്‌ 43 പഠനദിവസങ്ങൾ ലഭിച്ചു. എന്നാൽ അന്ന്‌ കോട്ടയം, എറണാകുളം ജില്ലകളിൽ കനത്ത മഴയെത്തുടർന്ന്‌ സ്‌കൂളുകൾ പ്രവൃത്തിച്ചില്ല.


ആലപ്പുഴ കുട്ടനാട്‌ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ രണ്ടു മാസത്തിനിടെ ഒമ്പത്‌ ദിവസമാണ്‌ അവധി നൽകിയത്‌. കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാലു ദിവസവും പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മൂന്നു വീതവും കോഴിക്കോടും പാലക്കാടും രണ്ടു വീതവും മലപ്പുറത്തിന്‌ ഒരു ദിവസവും അവധി നൽകി.


തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക്‌ മഴ മൂലം സ്‌കൂൾ പ്രവൃത്തിദിനം നഷ്‌ടമായില്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി നൽകിയിരുന്നു. ജില്ലാ തലത്തിൽ അതാത്‌ കലക്‌ടർമാരാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിക്കുക. റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും അടിസ്ഥാനമാക്കിയാണ്‌ അവധി പ്രഖ്യാപിക്കുക.


സ്‌കൂൾ അവധി ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് മന്ത്രി വി ശിവൻകുട്ടി പൊതു ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ്‌ ഇത്തരത്തിലൊരു നിർദ്ദേശമെന്നാണ്‌ മന്ത്രി വ്യക്‌തമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home