തിരുവനന്തപുരത്ത് സ്കൂളുകൾക്ക് നാളെ അവധി; ഗതാഗത ക്രമീകരണം ഇങ്ങനെ

Image: Meta AI
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്‌ച തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനാണ് അവധി. ഉച്ചയ്‌ക്ക് ശേഷം നഗരത്തിലെ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ ഗതാഗത ക്രമീകരണം
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിപുലമായ സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ തോംസണ്‍ ജോസ് അറിയിച്ചു. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ഡെപ്യൂട്ടി കമീഷണർമാർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരം സിറ്റിയെ ആറ് ക്ലസ്റ്ററുകളായും എട്ട് ഡിവിഷനുകളായും 16 സെക്ടറുകളായും തിരിച്ച് 1600 പൊലീസുകാരെയാണ് സുരക്ഷയ്‌ക്ക് നിയോഗിച്ചിട്ടുള്ളത്.
ക്രമീകരണങ്ങൾ
ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ചൊവ്വ പകൽ രണ്ട് മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഘോഷയാത്ര കടന്നുപോകുന്ന റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ല. നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി നിയമനടപടി സ്വീകരിക്കും. നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്ന് മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ വാഹനങ്ങൾ കടത്തി വിടില്ല.
എംസി റോഡിൽ നിന്ന് തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ മണ്ണന്തല നിന്ന് തിരിഞ്ഞ് കുടപ്പനകുന്ന് -പേരൂർക്കട പൈപ്പിൻമൂട് -ശാസ്തമംഗലം -ഇടപ്പഴിഞ്ഞി - എസ്എംസി- വഴുതക്കാട് -തെെക്കാട് വഴിയോ, പരുത്തിപ്പാറ -മുട്ടട -അമ്പലമുക്ക്- ഊളമ്പാറ -ശാസ്തമംഗലം- ഇടപ്പഴിഞ്ഞി -എസ്എംസി- വഴുതക്കാട് -തെെക്കാട് വഴിയോ പോകണം. കഴക്കൂട്ടം ഭാഗത്തു നിന്ന് ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂർ -മെഡിക്കൽ കോളേജ് -കണ്ണമൂല -പാറ്റൂർ -ജനറല്‍ ഹോസ്പിറ്റല്‍- ആശാന്‍ സ്ക്വയർ -അണ്ടര്‍ പാസേജ്- ബേക്കറി ഫ്ലെെ ഓവര്‍- പനവിള- തമ്പാനൂര്‍ -വഴി പോകണം.
പട്ടം ഭാഗത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പട്ടം- പൊട്ടകുഴി- മുറിഞ്ഞപാലം- കുമാരപുരം- കണ്ണമൂല -നാലുമുക്ക്- പാറ്റൂർ -ജനറല്‍ ആശുപത്രി -ആശാന്‍ സ്ക്വയര്‍ -അണ്ടര്‍പാസേജ് -ബേക്കറി ഫ്ലെെഓവര്‍- പനവിള -തമ്പാനൂര്‍- വഴിയും, ചെറിയ വാഹനങ്ങള്‍ പട്ടം -മരപ്പാലം- കവടിയാര്‍- ഗോള്‍ഫ്‍ലിങ്ക്സ്- പെെപ്പിന്‍മൂട്- ശാസ്തമംഗലം -ഇടപ്പഴിഞ്ഞി എസ്എംസി -തൈക്കാട് വഴിയും പോകണം.
പേരൂർക്കട ഭാഗത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട -പൈപ്പിൻമൂട് ശാസ്തമംഗലം -ഇടപ്പഴിഞ്ഞി -എസ്എംസി -വഴുതക്കാട് -തൈക്കാട് വഴിയോ പേരൂർക്കട -പൈപ്പിൻമൂട് -ശാസ്തമംഗലം -ഇടപ്പഴിഞ്ഞി -ജഗതി -മേട്ടുക്കട വഴിയോ പോകണം.
പേട്ട ഭാഗത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പാറ്റൂര്‍- വഞ്ചിയൂർ -ഉപ്പിടാംമൂട്- തകരപറമ്പ് ഫ്ലൈഓവർ- കിള്ളിപ്പാലം വഴിയോ പാറ്റൂർ -ജനറല്‍ ആശുപത്രി ആശാന്‍സ്ക്വയര്‍- അണ്ടര്‍ പാസേജ് -ബേക്കറി ഫ്ലെെഓവര്‍ -പനവിള- തമ്പാനൂര്‍ -വഴിയോ പോകണം.
തിരുവല്ലം ഭാഗത്തു നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര -കിള്ളിപ്പാലം -ചുരക്കാട്ടുപാളയം വഴി പോകണം. കിഴക്കേകോട്ടയിൽ നിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- ഈഞ്ചക്കൽ -ചാക്ക വഴി പോകണം. കിഴക്കേകോട്ടയിൽ നിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര -കിള്ളിപാലം വഴി പോകണം. കിഴക്കേകോട്ടയില്‍ നിന്ന് സര്‍വീസ് ആരംഭിക്കേണ്ട ബസുകള്‍ അട്ടകുളങ്ങര- മണക്കാട് റോഡിലും, അട്ടകുളങ്ങര- കിള്ളിപ്പാലം റോഡിലും വരിയായി പാര്‍ക്ക് ചെയ്ത് യഥാക്രമം സര്‍വീസ് നടത്തണം.
തമ്പാനൂര്‍ ഭാഗത്തു നിന്ന് കിഴക്കേകോട്ടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സമയം മുതല്‍ തമ്പാനൂര്‍ ഫ്ലെെഓവര്‍ -കിള്ളിപ്പാലം വഴി പോകണം. റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്ര ക്രമീകരിക്കണം.
പാർക്കിങ് സ്ഥലങ്ങൾ
കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, വഴുതയ്ക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ്, സെന്റ് ജോസഫ് സ്കൂൾ, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ, ചാല ഗവ. ബോയ്സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്, നഗരസഭയുടെ കീഴിലുള്ള തമ്പാനൂര്‍, പാളയം, കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങുകള്‍ റെയില്‍വേ, തമ്പാനൂര്‍ കെഎസ്‌ആർടിസി പാര്‍ക്കിങ് ഏരിയ. (പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം).









0 comments