ad
Deshabhimani

print edition ഫിറ്റ്‌നസിൽ ‘യു ടേൺ’

School

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Jul 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഫിറ്റ്‌നസ്‌ ഇല്ലാത്ത സ്‌കൂളുകളിലെ അധ്യാപകർക്ക്‌ ശമ്പളം ഇല്ലെന്ന വിവാദ ഉത്തരവ്‌ സംസ്ഥാന സർക്കാർ റദ്ദാക്കി. പ്രതിഷേധം വ്യാപകമായതോടെയാണ്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവ്‌ റദ്ദാക്കിയത്‌. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഒരു വർഷത്തേക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കാത്ത സ്‌കൂളുകളിലെ അധ്യാപകർക്ക്‌ ജൂലൈ 15മുതലുള്ള ശമ്പളം അനുവദിക്കില്ലെന്ന്‌ വ്യാഴാഴ്‌ചയാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കിയത്‌.


അതേസമയം, സംസ്ഥാനത്ത്‌ അയ്യായിരത്തിലധികം സ്‌കൂളുകൾ ഫിറ്റ്‌നസ്‌ ഇല്ലാതെയാണ്‌ പ്രവർത്തിക്കുന്നതെന്നാണ്‌ വിവരം. കൃത്യമായ കണക്ക്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പക്കൽ ഇല്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്‌ ഒന്നോ രണ്ടോ മാസത്തേക്ക്‌ പ്രൊവിഷണൽ (താൽക്കാലികം) ഫിറ്റ്നസ് വാങ്ങിയാണ്‌ സ്‌കൂളുകൾ തുറന്നത്‌. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കെഇആർ ചട്ടങ്ങളോ ഉത്തരവോ ലഭ്യമല്ല. അധ്യയനം ആരംഭിക്കുന്നതിനായി നൽകുന്ന താൽക്കാലിക സംവിധാനമാണിത്‌.


പിന്നീട്‌ ആവശ്യമായ നടപടികൾ സ്വീകരിച്ച്‌ സ്‌കൂളുകൾ ഒരു വർഷത്തേക്കുള്ള ഫിറ്റ്‌നസ്‌ നേടണം. ഫിറ്റ്‌നസ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും സ്‌കൂളുകൾ മാനദണ്ഡം പാലിച്ചാണ്‌ തുറന്നതെന്നുമായിരുന്നു വർഷാരംഭത്തിൽ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത്‌.


ഒരു വർഷത്തേയ്ക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നെങ്കിൽമാത്രം വിദ്യാഭ്യാസ ഓഫീസർമാർ തസ്‌തിക നിർണയിച്ച്‌ ഉത്തരവ് നൽകിയാൽ മതിയെന്നായിരുന്ന ആദ്യ ഉത്തരവിലെ നിർദേശം. ഇത്‌ പിൻവലിച്ചെങ്കിലും ഫിറ്റ്‌നസ്‌ ഇല്ലാത്ത സ്‌കൂളുകളുടെ കാര്യത്തിൽ എന്തുനടപടിയാണ്‌ സ്വീകരിക്കുമെന്ന്‌ വ്യക്‌തമാക്കിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home