വിസി നിയമനത്തിന് ബംഗാൾ മോഡൽ, യുജിസി പ്രതിനിധി ഇല്ല

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റൽ സര്‍വകലാശാലയുടെയും വൈസ് ചാന്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല. കമ്മിറ്റി അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിൽ യുജിസി പ്രതിനിധിയുടെകാര്യം പരാമർശിക്കുന്നില്ല.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പട്ടിക ഉത്തരവ് പ്രകാരം തന്നെ കേരളവും ഗവര്‍ണറും കോടതിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് അംഗങ്ങൾ സംസ്ഥാന സര്‍ക്കാർ നൽകിയ പട്ടികയിൽനിന്നും രണ്ടംഗങ്ങള്‍ ഗവര്‍ണര്‍ നല്‍കിയ പട്ടികയില്‍നിന്നും എന്ന ക്രമത്തിലാവും തെരഞ്ഞെടുപ്പ്. അംഗങ്ങളെ പട്ടികയില്‍നിന്ന് ജസ്റ്റിസ് ദുലിയ നിശ്ചയിക്കും.
നേരത്തെ യുജിസിയുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കോടതി പരാമർശിച്ചിരുന്നു. പുതിയ ഉത്തരവിൽ അതില്ല. രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളില്‍ വിസി നിയമനം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിസി നിയമനത്തിനായി പത്രപരസ്യം നല്‍കണം. അതുപരിശോധിച്ച സെര്‍ച്ച് കമ്മറ്റി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസി സ്ഥാനത്തേക്ക് മൂന്ന് പാനലുകള്‍ നിര്‍ദേശിക്കണം. പാനല്‍ മുഖ്യമന്ത്രിക്ക് നല്‍കണം. പാനലില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിക്ക് നിര്‍ദേശിക്കാം. മുഖ്യമന്ത്രിയുടെ നിര്‍ദേശം ചാന്‍സലര്‍ അംഗീകരിക്കണം. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്നും നിര്‍ദേശിച്ചു.
പശ്ചിമ ബംഗാളിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലർമാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഈ മാതൃക കേരളം അംഗീകരിച്ചിരുന്നു. സമാനമായ രീതിയില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാങ്കേതിക സര്‍വകലാശാലയിലെയും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു കേരളം കോടതിയില്‍ ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയില്‍നിന്ന് സമീപകാലത്ത് വിരമിച്ച ജസ്റ്റ് സുധാൻശു ധൂലിയയെ ചെയര്‍മാനായി നിയമിച്ച് ജസ്റ്റിസ് ജെ ബി പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിച്ചത്. സഹകരിച്ച് മുന്‍പോട്ടു പോകാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജസ്റ്റിസ് പര്‍ദ്ദിവാല പറഞ്ഞു.
സെര്‍ച്ച് കമ്മിറ്റി പാനൽ തയ്യാറായി കഴിഞ്ഞാൽ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണം എന്നും പശ്ചിമബംഗാൾ കേസിൽ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സെര്‍ച്ച് കമ്മറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ ഏതെങ്കിലും ഒരാള്‍ക്ക് അയോഗ്യത സംശയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ചെയര്‍മാനെ അറിയിക്കാനുമാവും. ഇത് പ്രകാരം മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ഉള്‍പ്പെടെയായിരിക്കണം ചാന്‍സലറായ ഗവര്‍ണര്‍ക്ക് പാനല്‍ സമർപ്പിക്കേണ്ടത്. ഘടന അഞ്ച് ആയിരിക്കും. രണ്ട് സർവകലാശാലകൾക്കുമായി ഒരു പൊതു കമ്മിറ്റി അല്ലെങ്കിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ ജസ്റ്റിസ് ധൂലിയയ്ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശയില്ലാതെ സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചാൻസലർ എന്ന നിലയിൽ കേരള ഗവർണർ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് സുധാൻഷു ധൂലിയ 1960 ഓഗസ്റ്റ് 10 ന് ജനിച്ചു. ഡെറാഡൂൺ, അലഹബാദ്, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. ആദ്യം അലഹബാദിലെ ഹൈക്കോടതി ഓഫ് ജുഡീഷ്യറിയിൽ സിവിൽ കോൺസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് നൈനിറ്റാളിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പുതുതായി സൃഷ്ടിച്ച ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. 2004 ജൂണിൽ സീനിയർ അഭിഭാഷകനായി നിയമിതനായി.
2008 നവംബർ 01 ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2022 മെയ് 09 ന്
സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.









0 comments